കാസര്‍ഗോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. മുസ്ലീം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എംസി കമറൂദ്ദീന് ആണ് സ്ഥാനാര്‍ത്ഥി. പാണക്കാട് ഹൈദരലി തങ്ങളാണ് കമറൂദിനെ ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പികെ കുഞ്ഞാലിക്കുട്ടി എംപി മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുമെന്നും പാണക്കാട് ഹൈദരലി തങ്ങള്‍ അറിയിച്ചു.
നിലവില്‍ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റായ കമറൂദ്ദിന് നേരത്തെ ജില്ലാ പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂത്ത് ലീഗ് ഉപാധ്യക്ഷനായിരുന്നു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ പടന്ന സ്വദശിയായ കമറൂദ്ദിനെ നേരത്തേയും പലവട്ടം മഞ്ചേശ്വരം മണ്ഡലത്തിലേക്ക് പാര്‍ട്ടി പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം തള്ളപ്പെടുകയായിരുന്നു.
മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി നല്കിയ അംഗീകാരമായി കാണുന്നുവെന്ന് കമറൂദ്ദീന് പ്രതികരിച്ചു. ഇതിനു പാര്‍ട്ടി നേതൃത്വത്തോട് നന്ദി പറയുന്നതായും, മുസ്ലീംലീഗും യുഡിഎഫും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കമറൂദ്ദീന് പറഞ്ഞു. മഞ്ചേശ്വരത്തെ പ്രധാനപോരാട്ടം ബിജെപിയോടായിരിക്കുമെന്നും കമറൂദ്ദിന് കൂട്ടിച്ചേര്‍ത്തു.
കമറൂദ്ദീനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രാദേശിക ലീഗ് നേതൃത്വവും യൂത്ത് ലീഗും പ്രതിഷേധവുമായി നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ലീഗ് നേതൃത്വം കമറുദ്ദിനൊപ്പം നില്‍ക്കുകയായിരുന്നു. മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായി പാണാക്കാട് തങ്ങള്‍ പ്രാദേശിക-ജില്ലാ ലീഗ് നേതാക്കളുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഇല്ലാതെ പോയതും അഞ്ചോളം ആളുകളുടെ പേരുകള്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്തതോടെ കമറൂദ്ദിന് കാര്യങ്ങള്‍ അനുകൂലമായി മാറി.
Discussion about this post