തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിര്‍മ്മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് നല്‍കാനും തീരുമാനമായി. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. പുനരധിവാസ പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
മൂന്നുമാസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനും, ഫ്‌ളാറ്റ് പൊളിക്കുന്നതു സംബന്ധിച്ചുള്ള കര്‍മ്മപദ്ധതി കോടതിയെ അറിയിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
മരട് വിഷയത്തില്‍ സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍ ചീഫ് സെക്രട്ടറി മന്ത്രിസഭയില്‍ അറിയിച്ചു. ഫ്‌ളാറ്റ് പൊളിക്കാതെ വഴിയില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രി സഭയെ അറിയിച്ചു. സര്‍ക്കാരിനെതിരെ സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങളും ഇനി സ്വീകരിക്കേണ്ട നടപടികളും ചീഫ് സെക്രട്ടറി വിവരിച്ചു.
വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെയാണെങ്കിലും നിര്‍മ്മാണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച വന്നെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെയും കേസും നടപടിയുണ്ടാകും.
ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. ഫ്‌ളാറ്റിലേക്കുള്ള വെള്ളം, വൈദ്യുതി കണക്ഷനുകള്‍ ഉടന്‍ വിച്ഛേദിക്കാന്‍ ജല അതോറിറ്റിക്കും കെഎസ്ഇബിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് 3 ദിവസത്തിനകം നടപ്പാക്കാന്‍ മരട് നഗരസഭാ സെക്രട്ടറി നോട്ടിസ് നല്‍കി. പാചകവാതക കണക്ഷന്‍ വിച്ഛേദിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു കത്തു നല്‍കും.
അതിനിടെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ഉദ്യോഗസ്ഥനായ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് ചുമതലയേറ്റു. നഗരസഭ സെക്രട്ടറിയുടെ ചുമതലയോടെയാണ് സ്‌നേഹില്‍ കുമാറിനെ നിയമിച്ചത്. മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒക്ടോബര്‍ നാലിന് പൊളിച്ചുതുടങ്ങുമെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്.
തീരപരിപാലന നിയമം ലംഘിച്ചു മരട് നഗരസഭയില്‍ പണിത കെട്ടിടങ്ങളുടെ പട്ടിക തയാറാക്കാനുള്ള നടപടികളും ആരംഭിച്ചു. 1991 മുതലുള്ള നിര്‍മാണങ്ങളില്‍ നിയമ ലംഘനം ഉള്ളവയുടെ പട്ടികയാണു തയാറാക്കുന്നത്.