തിരുവനന്തപുരം: വിദേശ മദ്യകമ്പനികള്‍ ജനപ്രിയ ബ്രാന്‍ഡുകളുടെ ഉത്പാദനം ഗണ്യമായി കുറച്ചു. റമ്മിന്റെ ചില ഇനങ്ങളും വില കുറഞ്ഞ ബ്രാണ്ടിയുമാണ് ഇതോടെ കിട്ടാതായത്. മദ്യം ഉത്പാദിപ്പിക്കാനുള്ള പ്രധാന അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ (ഇഎന്‍എ) വില കുത്തനെ ഉയര്‍ന്നതോടെയാണ് ഉത്പാദനം കുറച്ചത്.
ജനപ്രീയ ബ്രാന്‍ഡുകളുടെ ഉത്പാദനം വെട്ടിച്ചുരുക്കിയാതോടെ ചില്ലറ വില്പനശാലകളില്‍ ഇവയ്ക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ബിവറേജസ് വെയര്‍ഹൗസുകളില്‍ വേണ്ടത്ര സ്റ്റോക്ക് എത്താതായി. ബെവ്‌കോയക്ക് വിതരണം ചെയ്യുന്ന മദ്യത്തിന് വില വര്‍ധിപ്പിക്കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ബെവ്‌കോ ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടെയാണ് പ്രധാന കമ്പനികള്‍ സപ്ലേ കുറച്ചത്. ഏറ്റവും വിലകുറഞ്ഞ എവരിഡെ ഗോള്‍ഡ്, സെലിബ്രേഷന്‍, ഓള്‍ഡ്‌പോര്‍ട്ട്, ഓള്‍ഡ് പേള്‍, എംസി വിഎസ്ഒപി ബ്രാണ്ടി, സീസര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കാണ് ഓണക്കാലത്ത് ഏറ്റവും ക്ഷാമം നേരിട്ടത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യനിര്‍മ്മാണ കമ്പനിയായ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സിന്റെ ഉത്പന്നമായ ജവാന്‍ റമ്മിനും കടുത്ത ക്ഷാമമാണ്. സാധാരണക്കാരുടെ പ്രിയപ്പെട്ട മദ്യമായ ജവാന്റെ വില ലിറ്ററിന് 15 മുതല് 20 രൂപ വരെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കൂടിയത്.