തിരൂര്‍: കേരളാ പോലീസിനെ വിവരം അറിയിക്കാതെ തിരൂരില്‍ എത്തി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഞായര്‍ രാത്രി 10.35ന് മുംബൈ വഴി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രി സാധാരണ യാത്രക്കാരനെ പോലെ പുറത്തിറങ്ങി തിരൂരിലെ സുഹൃത്തിന്റെ കാറിലാണ് തൃക്കണ്ടിയൂരില്‍ എത്തിയത്. പോലീസിനെയോ മറ്റോ വിവരം അറിയിക്കാതെയായിരുന്നു ഈ സന്ദര്‍ശനം.
തിരൂരിലെ വീട്ടില്‍ താമസിച്ച അദ്ദേഹം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് പോലും ആരും അറിഞ്ഞിരുന്നില്ല. തിരൂരിലെ വിവിധ ക്ഷേത്രങ്ങളില്‍ ഗോവ മുഖ്യമന്ത്രി എത്തുന്നതായി തിങ്കള്‍ ഉച്ചയോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് പോലീസ് ഇക്കാര്യം അറിയുന്നത്.
ഇതോടെ ഉന്നത പോലീസ് അധികാരികള്‍ ഇടപെട്ട് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയെങ്കിലും കൂടുതല്‍ പോലീസിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറയുകയായിരുന്നു. രണ്ടു ദിവസം തിരൂരില്‍ തങ്ങിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തൃക്കണ്ടിയൂര്‍, ആലത്തിയൂര്‍, തൃപ്രങ്ങോട്, തിരുനാവായ, വൈരങ്കോട്, പറക്കുന്നത്ത് കാവ്, കൊടുങ്ങല്ലൂര്‍ തൃപ്പൂണിത്തുറ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം ഗോവയിലേക്ക് മടങ്ങി.
Discussion about this post