പ്രണയം, 27 വര്‍ഷത്തെ ദാമ്പത്യ ജീവിതം ശേഷം 33 വര്‍ഷത്തെ വേര്‍പിരിയല്‍; ഏറ്റവും ഒടുവില്‍ അഗതി മന്ദിരത്തില്‍ അപ്രതീക്ഷിത കണ്ടുമുട്ടല്‍

കെയര്‍ ടേക്കര്‍ കരീമിന്റെ നേതൃത്വത്തിലുള്ള പരിചരണത്തില്‍ സുഭദ്ര സുഖം പ്രാപിച്ചു.

കൊച്ചി: പ്രണയം, പിന്നെ 27 വര്‍ഷത്തെ ദാമ്പത്യ ജീവിതം ശേഷം 33 വര്‍ഷത്തെ വേര്‍പിരിയല്‍. അവസാനകാലത്ത് എത്തിയത് അഗതി മന്ദിരത്തിലും. ഇത് സിനിമയില്‍ ഉള്ള രംഗങ്ങളല്ല. മറിച്ച് സുഭദ്രയുടെയും സെയ്തുവിന്റെയും ജീവിതമാണ്. പ്രണയിച്ച് വിവാഹം കഴിച്ച് നീണ്ട 27 വര്‍ഷം സന്തോഷത്തോടെ ജീവിച്ച ഇരുവരും പിന്നീട് വേര്‍പിരിഞ്ഞത് 33 വര്‍ഷക്കാലമായിരുന്നു.

ഉത്തരേന്ത്യയില്‍ ജോലി തേടി പോയ സെയ്തു മടങ്ങി വരാതെ ആയതോടെയാണ് സുഭദ്രയുടെ ജീവിതത്തില്‍ ഇരുട്ട് നിറഞ്ഞത്. ഏറെ നാള്‍ കാത്തിരുന്നുവെങ്കിലും കാലം കടന്നു പോയതോടെ എല്ലാം മറക്കാന്‍ സുഭദ്ര പഠിച്ചു കഴിഞ്ഞു. ഏതാനും മാസങ്ങളായി ചാപ്പാറ സ്വദേശി സുഭദ്ര (88) അഗതി മന്ദിരത്തിലുണ്ട്. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുഭദ്രയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടു മക്കളും നേരത്ത മരണപ്പെട്ട സുഭദ്രയെ ശേഷം പോലീസ് എത്തിയാണ് അഗതി മന്ദിരത്തിലേയ്ക്ക് മാറ്റിയത്.

കെയര്‍ ടേക്കര്‍ കരീമിന്റെ നേതൃത്വത്തിലുള്ള പരിചരണത്തില്‍ സുഭദ്ര സുഖം പ്രാപിച്ചു. ഇതിനിടെയാണ് അവശനിലയിലായ വട്ടപറമ്പില്‍ സെയ്തുവിനെ പോലീസ് തന്നെ അഗതി മന്ദിരത്തിലെത്തിച്ചത്. ഇരുവരുടെയും കണ്ടുമുട്ടല്‍ തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒറ്റ നിമിഷത്തില്‍ പോയ 27 വര്‍ഷത്തെ നല്ല നിമിഷങ്ങളും 33 വര്‍ഷത്തെ വേര്‍പിരിയലും മിന്നി മാഞ്ഞു. ഇരുവര്‍ക്കും എന്തെന്നില്ലാത്ത സന്തോഷവും ഒപ്പം ചെറു സങ്കടങ്ങളും തോന്നി.

ആദ്യം ഇരുവരും അത്ഭുതത്തോടെയാണ് നോക്കിയത്. ശേഷം ഉള്ളു നിറഞ്ഞ് ചിരിച്ചു. ഏറെ നേരം ഇരുവരും ഒരുമിച്ചിരുന്നു. മറ്റ് അന്തേവാസികള്‍ തിരക്കിയപ്പോഴാണ് ഇരുവരും തങ്ങളുടെ കഥ പറഞ്ഞത്. ആദ്യ ഭര്‍ത്താവ് മരിച്ച ശേഷം സുഭദ്ര അച്ഛനൊപ്പമായിരുന്നു താമസം. ഇതിനിടെ പിതാവിന്റെ അരികിലെത്തിയ വട്ടപറമ്പില്‍ സെയ്തു വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. 27 വര്‍ഷമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം. ഇവര്‍ക്കു മക്കളുണ്ടായിരുന്നില്ല. ശേഷമാണ് സെയ്തു ഉത്തരേന്ത്യയില്‍ ജോലി തേടി പോയത്. പിന്നെ ഒരു മടങ്ങി വരവ് ഉണ്ടായിരുന്നില്ല.

സുഭദ്രയുടെ നാടന്‍പാട്ടും നാടക ഗാനവുമെല്ലാമായി 33 വര്‍ഷത്തിനു ശേഷമുള്ള ഒത്തുചേരല്‍ ആഘോഷമാക്കി. നിറഞ്ഞ ചിരിയുമായി ഫോട്ടോയ്ക്കു പോസ് ചെയ്തും ഓര്‍മ്മകള്‍ പങ്കുവച്ചും ഇരുവരും വലിയ സന്തോഷത്തിലാണെന്നു വെളിച്ചം അഗതി മന്ദിരം പ്രസിഡന്റ് കെപി സുനില്‍കുമാറും സെക്രട്ടറി സിഎസ് തിലകനും പറഞ്ഞു.

Exit mobile version