തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ നിന്ന് ബോധപൂര്‍വ്വം പേര് നീക്കം ചെയ്യുന്നുവെന്ന പരാതികളില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയം കളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ മുന്നറിയിപ്പ് നല്കി.
അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ തിരിമറി നടക്കുന്നുവെന്ന് കാട്ടി നിരവധി പരാതികള്‍ കമ്മിഷന് കിട്ടിയിട്ടുണ്ട്. പുതിയ അപേക്ഷകള്‍ കൂടി പരിഗണിച്ച് വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ മറവില്‍ രാഷ്ട്രീയം നോക്കി ചിലരെ ഒഴിവാക്കുന്നതായാണ് പരാതി.
വട്ടിയൂര്‍ക്കാവ് തലസ്ഥാന ജില്ലയിലായതിനാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മണ്ഡലപരിധിയില്‍ ഒതുങ്ങും. മറ്റ് നാല് മണ്ഡലങ്ങളിലും ജില്ല മുഴുവന്‍ ബാധകമാണ്. സര്‍ക്കാറിന്റെ തുടര്‍പദ്ധതികള്‍ക്ക് പെരുമാറ്റച്ചട്ടം ബാധകമല്ല. അഞ്ച് മണ്ഡലങ്ങളിലായി ആകെ 896 പോളിങ് ബൂത്തുകളാണുണ്ടാവുക. ഓരോ മണ്ഡലത്തിലും ബൂത്തുകളുടെ ഇരട്ടി എണ്ണം വോട്ടിങ് യന്ത്രങ്ങള്‍ പോളിങ്ങിനായി ലഭ്യമാണ്. മഞ്ചേശ്വരത്ത് മാത്രം 42 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് പ്രാഥമിക കണക്ക്.
Discussion about this post