ദുബായ്: കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖിനും കുടുംബത്തിനും എതിരെ അപവാദ പ്രചാരണവും വ്യക്തിഹത്യയും നടത്തിയ സംഭവത്തില്‍ ദുബായ് പോലീസ് കേസെടുത്തു. സിദ്ദിഖിന്റെ ഭാര്യ ഷറഫുനീസ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി അപമാനിച്ചുവെന്ന് ഷറഫുനീസ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ദുബായില്‍ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കുടുംബസംഗമത്തിനിടെ മദ്യപിച്ചെന്നു കാണിച്ചു വ്യക്തിഹത്യ നടത്തിയതെന്നാണ് ആരോപണം.
ഡെസര്‍ട്ട് സഫാരിയില്‍ മദ്യപിച്ച് കാലുറയ്ക്കാത്ത സിദ്ദിഖ് എന്ന തരത്തിലായിരുന്നു ഈ വ്യാജ പ്രചാരണം. എന്നാല്‍ ജീവിതത്തില്‍ ഇതുവരെയും മദ്യപിക്കാത്ത, ഒരിക്കലും മദ്യപിക്കില്ലെന്ന് ജീവിത നിഷ്ഠയുള്ള തന്നെയും, തനിക്കൊപ്പം വന്ന കുടുംബത്തെയും ചിലര്‍ രാഷ്ട്രീയ പ്രചാരണത്തിനായി, വിലകുറഞ്ഞ രീതിയില്‍ ഉപയോഗിച്ചുവെന്നും ഭാര്യയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അതിനാല്‍ ഇതുപോലെയുള്ള ഒരു ദുരവസ്ഥ നാളെ മറ്റൊരു കുടുംബങ്ങള്‍ക്കും സംഭവിക്കാതിരിക്കാനാണ് ഈ വിഷയത്തില്‍ കര്‍ശന നടപടിക്കായി പോലീസില്‍ പരാതിപ്പെട്ടതെന്നും കുടുംബ സുഹൃത്തുക്കള്‍ പറഞ്ഞു. യുഎഇയില്‍ സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യയും മറ്റും, വലിയ കുറ്റകരമായ ശിക്ഷയാണ്.