തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ നിന്ന് ബോധപൂര്‍വ്വം പേര് നീക്കം ചെയ്യുന്നുവെന്ന പരാതികളില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വിഷയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.
വോട്ടേഴ്‌സ് ലിസ്റ്റില്‍ രാഷ്ട്രീയം കളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ടിക്കാറാം മീണ മുന്നറിയിപ്പ് നല്‍കി. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ തിരിമറി നടക്കുന്നുവെന്ന് കാട്ടി നിരവധി പരാതികള്‍ കമ്മിഷന് കിട്ടിയിട്ടുണ്ട്. പുതിയ അപേക്ഷകള്‍ കൂടി പരിഗണിച്ച് വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ മറവില്‍ രാഷ്ട്രീയം നോക്കി ചിലരെ ഒഴിവാക്കുന്നതായാണ് പരാതി.
കൂടാതെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 4 ജില്ലകളില്‍ പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തി. കാസര്‍കോഡ്, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ആണ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്. തലസ്ഥാന ജില്ലയിലായതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തിയിട്ടില്ല. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മാത്രമാണ് പെരുമാറ്റ ചട്ടം ഉണ്ടാകുകയെന്നും ടിക്കാറാം മീണ വ്യക്തമാക്കി. സര്‍ക്കാറിന്റെ തുടര്‍പദ്ധതികള്‍ക്ക് പെരുമാറ്റച്ചട്ടം ബാധകമല്ല.
തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലായി ആകെ 896 പോളിങ് ബൂത്തുകളാണുണ്ടാവുക. ഓരോ മണ്ഡലത്തിലും ബൂത്തുകളുടെ ഇരട്ടി എണ്ണം വോട്ടിങ് യന്ത്രങ്ങള്‍ പോളിങ്ങിനായി ലഭ്യമാണ്. മഞ്ചേശ്വരത്ത് മാത്രം 42 പ്രശ്‌ന ബാധിത ബൂത്തുകളുണ്ടെന്നാണ് പ്രാഥമിക കണക്ക്.
Discussion about this post