തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകളെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പിഎസ് ശ്രീധരൻ പിള്ള. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും ഇതുവരെ ഒരു സ്ഥാനത്തിന് പിറകെയും പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുഗ്രാമത്തിൽ ജനിച്ച തന്നെ വളർത്തി വലുതാക്കിയത് പാർട്ടിയാണെന്നും ജീവിതത്തിൽ ഒരിക്കൽപോലും ഒരു മണ്ഡലത്തിൽ മത്സരിക്കണമെന്നോ സ്ഥാനം വേണമെന്നോ ആവശ്യപ്പെട്ട് ഇന്നേവരെ ആരെയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് മുതിർന്ന ബിജെപി നേതാവിനോടും ഇക്കാര്യം ചോദിച്ചുനോക്കാം. ഇത് ഹൃദയത്തിൽ കൈവെച്ച് പറയാമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളിയെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പാലായിൽ മണ്ഡലം പ്രസിഡന്റിനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ അന്വേഷണം പൂർത്തിയായശേഷം മാത്രം കൂടുതൽ പ്രതികരിക്കുകയുള്ളൂവെന്നും പാലായിലെ ഫലം പ്രവചിക്കാനില്ലെന്നും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.