കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ തന്റെ കുഞ്ഞിന് ചികിത്സ നൽകിയില്ലെന്ന വിവരം ഫേസ്ബുക്ക് ലൈവിലൂടെ പോസ്റ്റ് ചെയ്ത യുവാവിനെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് റിമാന്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡിജിപിയെ പ്രതിപക്ഷ നേതാവ് ഫോണിൽ വിളിച്ചു ശക്തമായ പ്രതിഷേധം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
ഷൈജു കഴിഞ്ഞ 13 ദിവസമായി ജയിലിലാണ് എന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇക്കാര്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. നടപടി ഉണ്ടാവുമെന്ന് ഡിജിപി ഉറപ്പ് നൽകിയെന്നും ചെന്നിത്തല പറഞ്ഞു. ഷൈജുവിനു നീതി ഉറപ്പാക്കണമെന്നു പ്രതിപക്ഷ നേതാവ് ഡിജിപി യോട് ആവശ്യപ്പെട്ടു. ആശുപത്രി സൂപ്രണ്ട് പോലും അറിയാതെ സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം ഡോക്ടറുടെ കൈയിൽ നിന്നു പരാതി വാങ്ങിയാണു പോലീസ് കേസെടുത്തത് എന്നു ബന്ധുക്കൾ പറയുന്നു.
ഓണത്തിന്റെ സമയത്തായിരുന്നു സംഭവം. കടുത്ത പനിയെത്തുടർന്നാണ് മകൻ സൂര്യതേജസിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് കൊയിലാണ്ടിയിലെ ഡോക്ടറെക്കാണിക്കാനായി ഷൈജു എത്തിച്ചത്. 3.40ഓടെ ഒപി ടിക്കറ്റെടുത്തെങ്കിലും ആറ് മണിക്കാണ് ഡോക്ടറെ കാണാനായതെന്ന് ഷൈജുവിന്റെ കുടുംബം പറയുന്നു. ഇതിനിടയിൽ ആശുപത്രി ജീവനക്കാരുടെ ശുപാർശയോടെ എത്തിയ നിരവധി രോഗികളെ ഡോക്ടർ വേഗത്തിൽ മരുന്ന് നൽകി മടക്കി അയച്ചു. ഇത് ഷൈജു ചോദ്യം ചെയ്തു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്ക് തർക്കമുണ്ടായി. ഇത് ഫേസ്ബുക്ക് ലൈവ് നൽകുകയും ചെയ്തു.
മരുന്ന് വാങ്ങി മടങ്ങിയതിന്റെ അഞ്ചാംദിവസം കൊയിലാണ്ടി സ്റ്റേഷനിലേക്ക് ഷൈജുവിനെ വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതിക്രമിച്ച് അകത്ത് കയറി, അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തി, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ കാര്യങ്ങൾ ആരോപിച്ച് വനിത ഡോക്ടർ നൽകിയ പരാതി പ്രകാരമാണ് നടപടിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ കുഞ്ഞ് തീർത്തും അവശനായ സാഹചര്യത്തിൽ ഡോക്ടറോടും ജീവനക്കാരോടും ഷൈജു കാര്യം ധരിപ്പിക്കുക മാത്രമാണുണ്ടായതെന്ന് ഭാര്യ പറയുന്നു.
Discussion about this post