തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ പുതിയ സമവാക്യങ്ങളുമായി കോൺഗ്രസ്. വട്ടിയൂർക്കാവ് സീറ്റും അരൂർ സീറ്റും എ,ഐ ഗ്രൂപ്പുകൾ തമ്മിൽ വെച്ചുമാറാനാണ് സാധ്യത. വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മുൻ എംഎൽഎയും എഐസിസി സെക്രട്ടറിയുമായ പിസി വിഷ്ണുനാഥിനെ മത്സരിപ്പിച്ചേക്കും ഇതിന്റെ ഭാഗമായാണ് സീറ്റ് വെച്ചുമാറൽ. ഇക്കാര്യത്തിൽ കെ മുരളീധരന്റെ നിലപാട് പ്രസക്തമാണ്. ഇതുസംബന്ധിച്ച ചർച്ചകൾ കോൺഗ്രസ് എ ഗ്രൂപ്പിൽ സജീവമാണ്. കോൺഗ്രസ് ഐ ഗ്രൂപ്പിന്റേതാണ് നിലവിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ്, കോന്നി, എറണാകുളം സീറ്റുകൾ. ഇതോടെ, വട്ടിയൂർക്കാവും അരൂർ സീറ്റും എ,ഐ ഗ്രൂപ്പുകൾ തമ്മിൽ വെച്ചുമാറാനാണ് സാധ്യത.
യുവാക്കൾക്ക് വിജയസാധ്യത വർധിക്കുമെന്നാണ് എ ഗ്രൂപ്പ് കരുതുന്നത്. അതുകൊണ്ടുതന്നെ പിസി വിഷ്ണുനാഥിനൊപ്പം മറ്റ് പേരുകളും കോൺഗ്രസ് പരിഗണനയിലാണ്. വട്ടിയൂർക്കാവിൽ പ്രധാനമായും ഉയർന്നുവരുന്ന മറ്റ് പേരുകൾ പത്മജാ വേണുഗോപാൽ, പീതാംബരൻ എന്നിവരുടേതാണ്.
എ ഗ്രൂപ്പ് മത്സരിച്ച അരൂർ മണ്ഡലം ഐ ഗ്രൂപ്പിന് നൽകാമെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. ഷാനിമോൾ ഉസ്മാനെ ആ സീറ്റിലേക്ക് പരിഗണിക്കാമെന്ന സാധ്യതയുമുണ്ട്. എന്നാൽ സീറ്റ് വെച്ചുമാറുന്നതിനോട് ഐ ഗ്രൂപ്പിന് താൽപര്യമില്ലെന്നും കരുതുന്നു.