ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ ആഢംബര കാറായ മേഴ്സിഡസ് ബെന്‍സ് എംഎല് 500 ഗാര്‍ഡ് നന്നാക്കാനുള്ള പണമില്ലെന്ന് യുപി സര്‍ക്കാര്‍. പകരം ലാന്‍ഡ് ക്രൂസര്‍ പ്രാഡോ നല്‍കാമെന്നും യുപി സര്‍ക്കാര്‍. എന്നാല്‍ തനിക്ക് പ്രാഡോ പോരെന്നും ബെന്‍സ് തന്നെ വേണമെന്നുമാണ് മുലായത്തിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യങ്ങള്‍ക്കായി കോടികള്‍ മുടക്കുന്ന സര്‍ക്കാര്‍ തന്റെ വാഹനം നന്നാക്കാത്തത് എന്തുകൊണ്ടാണെന്നാണ് മുലായം ചോദിക്കുന്നത്.
നിലവില്‍ ഇസഡ് പ്ലസ് ക്യാറ്റഗറി സുരക്ഷയുള്ള നേതാവായ മുലായം എന്‍എസ്ജി കമാന്റോകളുടെ സംരക്ഷണത്തില്‍ സഞ്ചരിക്കുന്ന വാഹനമാണ് ബെന്‍സ് എംഎല് 500 ഗാര്‍ഡ്. എന്നാല്‍ ഇത് അടുത്തിടെ കേടായിരുന്നു. ഇത് നന്നാക്കണമെങ്കില്‍ ഏകദേശം 26 ലക്ഷം രൂപയോളം ചെലവ് വരും. എന്നാല്‍ ഇത്രയും തുക ചെലവിട്ട് ഈ എസ്യുവി നന്നാക്കേണ്ടെന്നും പകരം മറ്റൊരു വാഹനം നല്‍കാനുമാണ് യോഗി സര്‍ക്കാറിന്റെ തീരുമാനം.
ബെന്‍സ് എംഎല് 500 നെപ്പോലെ ബുള്ളറ്റ് പ്രൂഫ് സുരക്ഷയുള്ള വാഹനം തന്നെയാണ് ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ലാന്‍ഡ് ക്രൂസര്‍ പ്രാഡോയും. ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ബെന്‍സിന്റെ എസ്യുവി എംഎല്ലിന്റെ അതിസുരക്ഷ പതിപ്പാണ് എംഎല് 500 ഗാര്‍ഡ്. നിരവധി സുരക്ഷാ സംവിധാനങ്ങളുള്ള വാഹനം ഗ്രനേഡുകളില്‍ നിന്നും വെടിയുണ്ടകളില്‍ നിന്നുമെല്ലാം യാത്രികരെ സംരക്ഷിക്കും.
അടുത്തിടെ സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്ന് ഒഴിയണമെന്ന് മുലായത്തോടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഒപ്പം മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി സര്‍ക്കാര്‍ ഖജനാവില്‍ നിന്നടയ്ക്കാന്‍ സഹായിക്കുന്ന നാല്‍പ്പത് വര്‍ഷോത്തോളം പഴക്കമുള്ള നിയമം റദ്ദാക്കാനും യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
Discussion about this post