കൊല്ലം: രണ്ട് ബള്‍ബ് മാത്രമുള്ള ബാബര്‍ ഷോപ്പിന് കിട്ടിയ കറണ്ട് ബില്ലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയം. 350 രൂപ മാത്രം ബില്ല് കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ വന്നത് 26584 രൂപയാണ്. ശൂരനാട് തെക്ക് കൊമ്പിപ്പള്ളില്‍ ജംഗ്ഷനിലെ മായാഭവനത്തില്‍ മാധവന്‍പിള്ളയുടെ ബാര്‍ബര്‍ ഷോപ്പിനാണ് അപ്രതീക്ഷിത ബില്‍ കിട്ടിയത്. ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ ഷോക്കടിച്ച അവസ്ഥയിലാണ് മാധവന്‍പിള്ള.
ഇന്നലെയാണ് ബില്‍ നല്‍കിയത്. 3536 യൂണിറ്റ് കറന്റ് ഉപയോഗിച്ചതായാണ് മീറ്ററില്‍ കാണിച്ചത്. രണ്ട് എല്‍ഇഡി ബള്‍ബ് മാത്രമാണ് ഇവിടെയുള്ളത്. ഞെട്ടിച്ച ബില്ല് വന്നതിന്റെ കാര്യം തിരക്കിയ മാധവന്‍പിള്ളയോട് മീറ്ററില്‍ കാണിച്ച തുക ഇതെന്ന് പറഞ്ഞ് റീഡിങ് എടുക്കാന്‍ വന്നവര്‍ കൈയ്യൊഴിയുകയായിരുന്നു.
തുടര്‍ന്ന് ശാസ്താംകോട്ട കെഎസ്ഇബിയില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കി. മീറ്റിന്റെ തകരാറാണോ ബില്‍ തുക ഉയരാന്‍ കാരണമെന്ന് പരിശോധിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. വയറിങ്ങിലെ തകരാര്‍ മൂലവും അധിക വൈദ്യുതി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അതും പരിശോധിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post