വോട്ടെടുപ്പിന് പിന്നാലെ ബിജെപിയുടെ കള്ളക്കളികൾ പുറത്ത്; എൻ ഹരി വോട്ടു കച്ചവടം നടത്തിയെന്ന് നിയോജക മണ്ഡലം പ്രസിഡന്റ്; സസ്‌പെൻഷൻ

എൻ ഹരിയെ സ്ഥാനാർത്ഥിയാക്കുന്നത് താനുൾപ്പടെ 12 മണ്ഡലം പ്രസിഡന്റുമാരും എതിർത്തിരുന്നെന്നും ബിനു

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി. ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തെ പാർട്ടിയിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. തെരഞ്ഞെടുപ്പു പ്രവർത്തനത്തിൽ നിഷ്‌ക്രിയമായി നിലകൊണ്ടതിനാണ് നടപടിയെന്നാണ് പാർട്ടി വെളിപ്പെടുത്തൽ.

എന്നാൽ ബിജെപി സ്ഥാനാർത്ഥിയായ എൻ ഹരി വോട്ട് കച്ചവടം നടത്തുന്നതിൽ പ്രതിഷേധിച്ച് താൻ സ്ഥാനം രാജിവെച്ചിരുന്നതായാണ് ബിനുവിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ 9ന് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നെന്നും എൻ ഹരിയെ സ്ഥാനാർത്ഥിയാക്കുന്നത് താനുൾപ്പടെ 12 മണ്ഡലം പ്രസിഡന്റുമാരും എതിർത്തിരുന്നെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി അവസാനഘട്ടം വരെ ബിനു പുളിക്കക്കണ്ടത്തിന്റെ പേരും ഉണ്ടായിരുന്നു. സ്ഥാനാർത്ഥി ആക്കാതിരുന്നതോടെ തെരഞ്ഞെടുപ്പു പ്രവർത്തനത്തിൽ നിന്നു ബിനു ഒഴിഞ്ഞു നിൽക്കുകയായിരുന്നു. ഇതിനിടെ അദ്ദേഹം വിദേശത്തേക്കു പോയതായും ആരോപണവും ഉയർന്നിരുന്നു. നേരത്തേ കോൺഗ്രസിൽ നിന്നു രാജിവച്ചാണ് ബിനു ബിജെപിയിൽ ചേർന്നത്.

Exit mobile version