കൊച്ചി: കൊച്ചി നഗരത്തിലെ റോഡ് പണി അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍
ഉദ്യോഗസ്ഥ ശക്തമായ താക്കീതുമായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്.
ഇനിയൊരു മുന്നറിയിപ്പുണ്ടാവില്ലെന്നും പൊതുജനത്തിനുണ്ടാകുന്ന നഷ്ടം ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്നും കലക്ടര്‍ ഓര്‍മ്മിപ്പിച്ചു. കൊച്ചിയിലെ റോഡുകള്‍ നേരിട്ട് സന്ദര്‍ശിച്ചശേഷം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ജില്ല കലക്ടര്‍ എസ് സുഹാസ് പൊട്ടിത്തെറിച്ചത്.
ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ശരിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇത് പാലിക്കാത്തതാണ് കളക്ടറെ പ്രകോപിപ്പിച്ചത്. ജനങ്ങള്‍ ടാക്സ് അടക്കുന്ന പൈസയില്‍ നിന്നാണ് എനിക്കും നിങ്ങള്‍ക്കും ശമ്പളം തരുന്നത്. അതിന് അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്തു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു മുന്നറിയിപ്പുണ്ടാകില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
ഏറ്റവും മോശമായ 45 റോഡുകള്‍ നന്നാക്കാനാണ് കളക്ടര്‍ ആവശ്യപ്പെട്ടത്. നിശ്ചിത സമയത്തിനകം റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ കരാറുകാര്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ നടപടി ചട്ടപ്രകാരം നടപടിയെടുക്കുമെന്നും അറിയിച്ചിരുന്നു.
നിര്‍ദ്ദേശം ലഭിക്കുന്നതിന് മുമ്പും പണി തുടങ്ങിയതിനു ശേഷവുമുള്ള ഫോട്ടോ സഹിതം യോഗത്തിനെത്താനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതു പ്രകാരം എല്ലാവരും ഫോട്ടോ സമര്‍പ്പിച്ചു. ഇവ പരിശോധിക്കാന്‍ എറണാകുളം ഡിസിപിയോട് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടുന്നതിനു പുറമേ കളക്ടര്‍ നേരിട്ടെത്തിയും പരിശോധിക്കും. ചിലയിടങ്ങള്‍ കഴിഞ്ഞ ദിവസം നേരിട്ട് സന്ദര്‍ശിച്ചെന്നും അദ്ദേഹം അറിയിച്ചു.
കലൂര്‍- പാലാരിവട്ടം, കതൃക്കടവ്- തമ്മനം, കാക്കനാട് – പാലാരിവട്ടം, ഇടപ്പള്ളി- ചേരാനല്ലൂര്‍ – കളമശ്ശേരി, വൈറ്റില – കുണ്ടന്നൂര്‍ – പൊന്നുരുന്നി, പുല്ലേപ്പടി, അരൂര്‍ വൈറ്റില, മരട്- കുണ്ടന്നൂര്‍, സീപോര്‍ട്ട് എയര്‍പോര്‍ട്ട്, കരിങ്ങാച്ചിറ തിരുവാങ്കുളം, വൈക്കം പൂത്തോട്ട, എറണാകുളം വൈപ്പിന്‍, ഓള്‍ഡ് തേവര ഫോര്‍ ഷോര്‍ റോഡ്, വളഞ്ഞമ്പലം രവിപുരം തുടങ്ങിയ റോഡുകളാണ് പട്ടികയിലുള്ളത്.
ഇടക്ക് മഴ പെയ്യുന്നത് പണിക്ക് തടസ്സമാകുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പകല്‍ ഗതാഗതം നിര്ത്തിവെക്കാനുമാകില്ല. ഒറ്റവരിയായി വാഹനം കടത്തിവിട്ടാണ് പലയിടത്തും അറ്റകുറ്റപ്പണികള്‍ നടത്തിയത്. ശേഷിക്കുന്ന റോഡുകള്‍ സെപ്റ്റംബര്‍ 24, 25 തീയതികളില്‍ രാത്രി 10 മുതല്‍ ആറുവരെ പണി നടത്തി ഗതാഗത യോഗ്യമാക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post