തിരുവനന്തപുരം: കേരളത്തില്‍ നിന്ന് മൈസൂരിലേക്ക് നേരിട്ട് ട്രെയിന്‍ സര്‍വീസ് ആരംഭിച്ച് റെയില്‍വേ. കൊച്ചുവേളിയില്‍ നിന്ന് മൈസൂരുവിലേക്ക് പ്രതിദിന ട്രെയിന്‍ സര്‍വീസാണ് ആരംഭിക്കുന്നത്. കേരളത്തില്‍ നിന്ന് മൈസൂരിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസ് ഈമാസം 26നാണ്. കൊച്ചുവേളി- ബംഗളൂരു ട്രെയിന്‍ മൈസൂരുവിലേക്ക് നീട്ടുന്നതോടെയാണ് ഇത് സാധ്യമാകുക.
നിലവില്‍ കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോകണമെങ്കില്‍ ബസിനെ ആശ്രയിക്കണം. അല്ലെങ്കില്‍ ബംഗളൂരുവില്‍ ട്രെയിന്‍ ഇറങ്ങി അവിടെ നിന്ന് പാസഞ്ചര്‍ ട്രെയിനില്‍ പോകണം. ഈ അവസ്ഥയ്ക്കാണ് പുതിയ സര്‍വീസ് വരുന്നതോടെ മാറ്റം ഉണ്ടാവുന്നത്.
അതേസമയം കൊച്ചുവേളി-ബംഗളൂരു പ്രതിദിന ട്രെയിനിന്റെ സമയക്രമം മാറ്റാതെയാണ് 139 കിലോമീറ്റര്‍ അകലെയുളള മൈസൂരുവിലേക്കു ട്രെയിന്‍ നീട്ടിയിരിക്കുന്നത്. ബംഗളൂരുവിനും മൈസൂരുവിനുമിടയില്‍ മാണ്ഡ്യയിലും സ്റ്റോപ്പുണ്ടാകും. വൈകീട്ട് 4.45ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 8.35നു ബംഗളൂരുവിലും 11.20നു മൈസൂരുവിലും എത്തും. തിരിച്ച് 12.50നു മൈസൂരുവില്‍ നിന്നും പുറപ്പെട്ട് വൈകിട്ട് 4.35നു ബംഗളൂരുവിലെത്തുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 9.35ന് കൊച്ചുവേളിയിലെത്തും.
Discussion about this post