പാലായില്‍ വോട്ടെടുപ്പ് ആരംഭിച്ചു; വിജയ പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

പാലായിലെ സെന്റ് തോമസ് സ്‌കൂളിലെ 128 ആം നമ്പര്‍ ബൂത്തില്‍ എത്തിയാണ് കെഎം മാണിയുടെ കുടുംബം വോട്ട് ചെയ്തത്

പാലാ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ വോട്ടെടുപ്പ് ആരംഭിച്ചു. പല ബൂത്തിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് ഉള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി എന്നിവര്‍ അടക്കം 13 പേരാണ് മത്സരരംഗത്തുള്ളത്.

പാലായിലെ സെന്റ് തോമസ് സ്‌കൂളിലെ 128 ആം നമ്പര്‍ ബൂത്തില്‍ എത്തിയാണ് കെഎം മാണിയുടെ കുടുംബം വോട്ട് ചെയ്തത്. ജോസ് കെ മാണി, നിഷാ ജോസ് കെ മാണി, കെഎം മാണിയുടെ ഭാര്യ കുട്ടിയമ്മ എന്നിവരാണ് വോട്ട് ചെയ്തത്. കെ എം മാണിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് മാണി കുടുംബം വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് കുട്ടിയമ്മ പ്രതികരിച്ചിരിക്കുന്നത്.

രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. 1,79,107 വോട്ടര്‍മാര്‍ 176 പോളിങ് ബൂത്തുകളിലായാണ് വോട്ട് രേഖപ്പെടുത്തുക. 87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതാ വോട്ടര്‍മാരുമാണ് പാലാ മണ്ഡലത്തിലുള്ളത്.

Exit mobile version