കൊച്ചി: അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ തയ്യാറാക്കി.
മല്‍സരിക്കാനില്ലെന്ന നിലപാട് തള്ളി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും ഉള്‍പ്പെടുത്തിയാണ് പട്ടിക. ബിജെപി സ്ഥാനാര്‍ത്ഥികളെ രണ്ടോ മൂന്നോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് വിശദീകരിച്ചു.
കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയത്. സ്ഥാനാര്‍ഥികളെ രണ്ടോ മൂന്നോ ദിവസത്തിനകം ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളിയ കുമ്മനം രാജശേഖരന് തന്റെ ബുദ്ധിമുട്ട് പാര്‍ട്ടിയെ അറിയിച്ചെന്നായിരുന്നു കൊച്ചിയിലെ കോര്‍ ഗ്രൂപ്പ് യോഗത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
വട്ടിയൂര്‍കാവില്‍ നിന്ന് മത്സരിക്കേണ്ടവരുടെ പട്ടികയിലാണ് കുമ്മനത്തെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കോന്നി മണ്ഡലത്തില്‍ നിന്നും കെ സുരേന്ദ്രന്റെ പേരും ശോഭാ സുരേന്ദ്രന്റെ പേരും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് കോന്നി മണ്ഡലത്തില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ഇത് കൂടാതെ മഞ്ചേശ്വരത്തും കെ സുരേന്ദ്രന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളത്തെ സാധ്യതാ പട്ടികയില്‍ ബി ഗോപാലകൃഷ്ണന്, സിജി രാജഗോപാല്‍ എന്നിവരുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വട്ടിയൂര്‍കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബിജെപിക്ക് വിജയസാധ്യത ഉള്ളതായി വിലയിരുത്തുന്നത്. ഇവിടെ രണ്ടിടത്തും മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്തുകയെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രാഥമിക പട്ടിക കേന്ദ്രനേതൃത്വത്തിന് ഉടന്‍ കൈമാറും.
Discussion about this post