പാലക്കാട് വീണ്ടും കുഴല്‍പ്പണവേട്ട; 80 ലക്ഷവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍

ചെന്നൈ-മംഗലാപുരം എക്പ്രസില്‍ കടത്തിക്കൊണ്ടുവന്ന 80 ലക്ഷം രൂപയാണ് റെയില്‍വേ പോലീസ് പിടികൂടിയത്

പാലക്കാട്: പാലക്കാട് വീണ്ടും വന്‍ കുഴല്‍പ്പണവേട്ട. സംഭവത്തില്‍ മലപ്പുറം വേങ്ങര സ്വദേശികളായ മുഹമ്മദ് ഷെഫീഖ്, അബ്ദുള്‍ ഖാദര്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്തു. ചെന്നൈ-മംഗലാപുരം എക്പ്രസില്‍ കടത്തിക്കൊണ്ടുവന്ന 80 ലക്ഷം രൂപയാണ് റെയില്‍വേ പോലീസ് പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം.

തമിഴ്‌നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച സംഘമാണ് ഇവര്‍ക്ക് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റും ഐബിയും അന്വേഷണം തുടങ്ങിയതായി റെയില്‍വെ പൊലീസ് എസ്‌ഐ രമേഷ്‌കുമാര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ട്രെയിന്‍ മാര്‍ഗ്ഗം കുഴല്‍പ്പണം പിടികൂടുന്നത്.

കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളില്‍ നിന്ന് 88 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ജില്ലയില്‍ കൂടുതല്‍ കുഴല്‍പ്പണമെത്താന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക നിരീക്ഷണത്തിലാണ് പോലീസ്. ഓണക്കാലത്ത് മാത്രം എട്ടുകിലോ സ്വര്‍ണവും 23കിലോ കഞ്ചാവും ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version