കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ഉത്തരപേപ്പറുകള്‍ കൊണ്ടോട്ടിയിലെ ആക്രിക്കടയില്‍. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരപേപ്പറുകള്‍ പോലീസ് പിടിച്ചെടുത്തു.
അതേസമയം, സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ പുളിക്കല്‍ മദീനത്തുല്‍ ഉലമ അറബി കോളേജ് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് ആക്രിക്കടയില്‍ നിന്ന് പിടിച്ചെടുത്തത്.
അഞ്ച് മാസം മുമ്പ് നടന്ന അഫ്ളലുല്‍ ഉലമാ പ്രിലിമിനറി പരീക്ഷയുടെ ഉത്തര കടലാസുകളും 2019-ലെ പുനര്‍ മൂല്യനിര്‍ണയം കഴിഞ്ഞ പേപ്പറുകളും കൂട്ടത്തിലുണ്ട്. 2017 മുതല്‍ വിവിധ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷ പേപ്പറുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.
സ്ഥലപരിമിതി മൂലം ചെയര്‍മാന്റെ വീട്ടിലേക്ക് മാറ്റാന്‍ ഏല്‍പ്പിച്ച പേപ്പറുകളാണ് ആക്രിക്കടയില്‍ നിന്ന് കണ്ടെടുത്തതെന്നാണ് കോളേജ് മാനേജ്‌മെന്റിന്റെ വാദം. ഈ ജോലി ഏല്‍പ്പിച്ച ജീപ്പ് ഡ്രൈവറാണ് അനുമതിയില്ലാതെ ഉത്തരക്കടലാസുകള്‍ വിറ്റതെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.