തിരുവനന്തപുരം: തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് ഇടപെട്ടതായുള്ള ആരോപണങ്ങള്‍ക്ക് അക്കമിട്ട് തെളിവുകള്‍ നിരത്തി മറുപടിയുമായി മന്ത്രി കെടി ജലീല്‍. ഫേസ്ബക്കിലൂടെയാണ് അദ്ദേഹം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞത്.
ബിടെക് വിദ്യാര്‍ത്ഥിയുടെ തോറ്റ പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനായി മന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സമിതിയെ നിയോഗിച്ചുവെന്നാണ് ഉയര്‍ന്ന ആരോപണം. പുനര്‍മൂല്യ നിര്്ണ്ണയത്തിലും ജയിക്കാത്ത പേപ്പറിനാണ് പ്രത്യേക സമിതി ജയിക്കാനുള്ള മാര്‍ക്ക് നല്‍കിയതെന്നും ആരോപിച്ചിരുന്നു.
ഈ വിവാദങ്ങള്‍ക്കുള്ള മറുപടി നല്‍കിയാണ് അദ്ദേഹം രംഗത്തെത്തിയത്. തീര്‍ത്തും ന്യായമായ ഒരു നടപടിയെയാണ് ചട്ടവിരുദ്ധമെന്ന് മുദ്രകുത്തി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. എന്ത് വിലകൊടുത്തും ന്യായമായത് അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ ഉറപ്പുവരുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എല്ലാവര്ക്കും നീതി ലഭ്യമാക്കും. അര്‍ഹതപ്പെട്ടത് ആര്‍ക്കും നിഷേധിക്കില്ല.
———————————————————————– 2019 ഫെബ്രുവരി 27 നാണ് എ.പി.ജെ അബ്ദുള്‍കലാം സാങ്കേതികശാസ്ത്ര സര്‍വകലാശാലയില്‍ ഫയല്‍ തീര്‍പ്പാക്കലിന്റെ ഭാഗമായുള്ള അദാലത്ത് നടന്നത്. അന്ന് ശ്രീഹരി എസ് എന്ന വിദ്യാര്‍ത്ഥി മൂല്യനിര്‍ണയത്തില്‍ അപാകതകള്‍ സമ്പന്ധിച്ച് അനുബന്ധ രേഖകള്‍ സഹിതം ഒരു പരാതി ഉന്നയിച്ചു. എല്ലാ വിഷയങ്ങളിലും ശരാശരി 90% ത്തില്‍ കൂടുതല്‍ മാര്‍ക്കുള്ള തനിക്ക് ആറാം സെമെസ്റ്ററില്‍ ഒരു വിഷയത്തിനു മാത്രം കുറഞ്ഞ മാര്‍ക്കാണ് ലഭിച്ചതെന്നും മൂല്യനിര്‍ണ്ണയത്തിലെ അപാകതയാണ് അതിനു കാരണമെന്നും അദ്ദേഹം തെളിവു സഹിതം ചൂണ്ടിക്കാണിച്ചു. പ്രഥമ മൂല്യനിര്‍ണയത്തിലും പുനര്‍ മൂല്യനിര്‍ണയത്തിലും യഥാക്രമം 29, 32 മാര്‍ക്കുകളാണ് ശ്രീഹരിക്ക് ലഭിച്ചിരുന്നത്. അദാലത്തില്‍ പരീക്ഷാപേപ്പറിന്റെ കോപ്പി ഹാജരാക്കിയത് പ്രാഥമികമായി നോക്കിയപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊതുവെ അഭിപ്രായമുയര്‍ന്നു. ശ്രീഹരിയുടെ മെറിറ്റ് പരിശോധിച്ചപ്പോള്‍ KEAM എന്ട്രന്സില് 5428 റാങ്ക് നേടിയാണ് ടി.കെ.എം. എന്‍ഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം നേടിയതെന്നും ബോധ്യപ്പെട്ടു.
തുടര്‍ന്ന് അദാലത്തില്‍ സന്നിഹിതരായിരുന്ന സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള അക്കാഡമിക് വിദഗ്ധരുടെ വിശകലനത്തിന്റെയും അഭിപ്രായത്തിന്റെയും അടിസ്ഥാനത്തില്‍ ഇതൊരു സ്പെഷ്യല്‍ കേസായി പരിഗണിക്കണമെന്ന അഭിപ്രായം ഉയര്‍ന്നുവരികയും അതടിസ്ഥാനത്തില്‍ മൂന്നാമതൊരു മൂല്യനിര്‍ണ്ണയം ആവശ്യമെങ്കില്‍ നടത്താമെന്നും തീരുമാനിക്കുകയായിരുന്നു. വിദഗ്ധരായ അദ്ധ്യാപകരെ കൊണ്ട് ഒരാഴ്ചയ്ക്കകം പുനര്‍മൂല്യനിര്‍ണയം നടത്താനും പരാതിയില്‍ സത്യാവസ്ഥ ഉള്ളതായി കണ്ടെത്തിയാല്‍ മൂല്യനിര്‍ണയവും ആദ്യ പുനര്‍മൂല്യനിര്‍ണയവും നടത്തിയവര്‍ക്കെതിരെ അച്ചടക്കനടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. ഇത് അദാലത്തിന്റെ തീരുമാനമായി രേഖപ്പെടുത്തപ്പെടുകയും ചെയ്തിരുന്നു.
പ്രസ്തുത തീരുമാനം പൂര്‍ണ്ണമായും ശരിയും ന്യായവുമായിരുന്നു എന്നാണ് യൂണിവേഴ്സിറ്റിയുടെ തുടര്‍നടപടികളില്‍ തെളിഞ്ഞത്. അദാലത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല വിദഗ്ധരായ അധ്യാപകരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും മൂന്നാം മൂല്യനിര്‍ണയത്തില്‍ ബന്ധപ്പെട്ട വിദ്യാര്‍ത്ഥിക്ക് നേരത്തെ രണ്ടു മൂല്യനിര്‍ണ്ണയങ്ങളില്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ പേപ്പറില്‍ 48 മാര്‍ക്ക് നേടാനാവുകയും ചെയ്തു. തന്നെയുമല്ല ബി ടെക്കിന് സംസ്ഥാനത്ത് അഞ്ചാം റാങ്കും ശ്രീഹരി കരസ്ഥമാക്കിയതായി അറിയാന്‍ സാധിച്ചു. കൂടാത 9.16 പോയിന്റോടെ ബി ടെക് ഹോണേഴ്സ് ഡിഗ്രിയും നേടി. (CGPA 8 പോയന്റില്‍ കൂടുതല്‍ ലഭിക്കുകയും നാലാം സെമെസ്റ്ററിനു ശേഷം ഒരുവിഷയത്തിനും സപ്ലിമെന്ററി ആകാതിരിക്കുകയും ചെയ്യുന്ന മിടുക്കര്‍ക്കാണ് ബി ടെക് ഹോണേഴ്സ് ലഭിക്കുക).
ശ്രീഹരിയുടെ ഒന്നാം സെമസ്റ്റര്‍ മുതലുള്ള ഗ്രേഡുകള്‍ താഴെ പറയും പ്രകാരമാണ്.
S1: 9.35, S2: 9.69, S3: 9.63, S4: 9.13, S5: 8.85, S6: 8.7, S7: 8.61, S8: 9.58. അദാലത്തിലെ തീരുമാനത്തിലൂടെ ഒരു വിദ്യാര്‍ത്ഥിക്ക് തികച്ചും ന്യായമായും അര്‍ഹതപ്പെട്ട വിജയം ഉറപ്പുവരുത്താനായതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ട്. സാങ്കേതികശാസ്ത്ര സര്‍വകലാശാലയില്‍ ഇതിനുമുന്‍പും വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലും കോടതി വിധികളുടെ വെളിച്ചത്തിലും ഒന്നിലധികം പുനര്‍ മൂല്യനിര്‍ണയങ്ങള്‍ നടന്നിട്ടുണ്ട്.
സമാന പരാതികളുടെ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളുടെ ഭാവികൊണ്ട് പന്താടുംവിധം മൂല്യനിര്‍ണയത്തില്‍ കൃത്യവിലോപം നടത്തുന്ന അദ്ധ്യാപകര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കാനും കനത്ത പിഴ ചുമത്താനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വിഷയത്തിലും അത്തരം നടപടികള്‍ സ്വീകരിക്കാന്‍ സര്‍വകലാശാലയോട് നിര്‍ദേശിച്ചിട്ടുണ്ട്. തീര്‍ത്തും ന്യായമായ ഒരു നടപടിയെയാണ് ചട്ടവിരുദ്ധമെന്ന് മുദ്രകുത്തി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. എന്ത് വിലകൊടുത്തും ന്യായമായത് അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ ഉറപ്പുവരുത്തുക തന്നെചെയ്യും.
Discussion about this post