തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പ് അന്വേഷണത്തിൽ അസംതൃപ്തി അറിയിച്ച് കെഎസ്യു. പരീക്ഷാ തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന സർക്കാരും പിഎസ്സിയും അട്ടിമറിക്കുന്നുവെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് ആരോപിച്ചു. കേസിന്റെ അന്വേഷണം നാലോ അഞ്ചോ പേരിൽ മാത്രം ഒതുങ്ങുന്നു. ചോദ്യപേപ്പർ ആരാണ് എത്തിച്ചതെന്നു പോലും അന്വേഷണസംഘത്തിന് കണ്ടെത്താനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫോൺ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. തട്ടിപ്പിന് പൂർണ ഉത്തരവാദിത്വം പിഎസ്സി ചെയർമാനാണെന്നും അഭിജിത്ത് ആരോപിച്ചു. തെളിവുകൾ നശിപ്പിക്കാൻ പിഎസ്സി ചെയർമാൻ കൂട്ടുനിന്നെന്നും സുതാര്യമായ അന്വേഷണം വേണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.
ഇതിനിടെ, കേസിലെ പ്രതികൾ നൽകിയ മൊഴികൾ കളവാണെന്ന നിഗമനത്തിലാണ് ക്രൈംബാഞ്ച്. യൂണിവേഴ്സിറ്റി കോളേജിൽ നടന്ന പരീക്ഷയിൽ ചോദ്യപേപ്പർ പുറത്തെത്തിച്ചത് മൊബൈൽ ഫോൺ വഴിയോ സ്മാർട്ട് വാച്ച് വഴിയോ ആകാമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. പരീക്ഷാ ദിവസം പ്രതികൾ തമ്മിൽ കൈമാറിയ എസ്എംഎസും ഫോൺ വിളി രേഖകളും ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഹൈടെക് സെല്ലിന്റെ ശാസ്ത്രീയ പരിശോധനയിലാണ് ഫലം കൈമാറിയത്. മൊബൈൽ ഫോണുകൾ നശിപ്പിച്ചിട്ടും പരീക്ഷ ദിവസം നടന്ന എസ്എംഎസുകൾ ഹൈടെക് സെൽ കണ്ടെത്തുകയായിരുന്നു.
Discussion about this post