തിരുവനന്തപുരം: ഇനി സംസ്ഥാനത്തെ നിരത്തുകളിൽ വെച്ചുള്ള ഗതാഗത നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴത്തുക നൽകേണ്ടി വരില്ല. പിഴത്തുക കുറയ്ക്കാൻ ഉന്നതതല നിർദേശം. ഗതാഗത ലംഘനങ്ങൾക്കുള്ള ഉയർന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലായിരുന്നു തീരുമാനം. പിഴത്തുക കുറയ്ക്കാൻ നിർദേശിച്ചെങ്കിലും തുക എത്രയായി കുറയ്ക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
തുക കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൂടാതെ മോട്ടോർ വാഹന ഭേദഗതിയിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് വീണ്ടും കത്തയയ്ക്കാനനും തീരുമാനമായി. സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാൻ കഴിയുന്ന ഗതാഗത നിയമ ലംഘനങ്ങളിൽ പിഴ കുറയ്ക്കാനാണ് നിർദേശം. മറ്റ് നിയമലംഘനങ്ങളിൽ എന്ത് ചെയ്യാനാകുമെന്ന് നിയമവകുപ്പ് വീണ്ടും പരിശോധിക്കും.
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടൻ തന്നെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഉയർന്ന പിഴ ഈടാക്കുന്നതിൽ പ്രതിഷേധം ശക്തമായതോടെ വാഹന പരിശോധന നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. പിഴ കുറയ്ക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്നാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെ മറുപടി കിട്ടിയിട്ടില്ല.
Discussion about this post