കാസര്‍കോട്: ദേശീയപാത ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നടത്തി വന്ന നിരാഹര സമരം അവസാനിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി നാരങ്ങാനീര് നല്‍കിയതോടെയാണ് സമരത്തിന് അവസാനമായത്. 24 മണിക്കൂര്‍ നീണ്ട നിരാഹാര സമരമാണ് നടത്തിയത്.
ദേശീയപാതാ നവീകരണത്തിന് 3000 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി അവകാശപ്പെടുമ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേന്ദ്രം അവഗണന തുടര്‍ന്നാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ദേശീയപാത ഉടന്‍ ഗതാഗത യോഗ്യമാക്കുമെന്ന ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സമരം നടത്തിയത്.
ദേശീയ പാത അറ്റകുറ്റപ്പണിയും റീടാറിങും ഉടന്‍ നടത്തിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു. അതേ സമയം ദേശീയപാതയില്‍ ചില ഇടങ്ങളില്‍ കുഴി അടക്കല്‍ ആരംഭിച്ചിട്ടുണ്ട്.