പത്തനംതിട്ട: അടൂര്‍ പറക്കോട് വൃദ്ധനെ മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സംഭവത്തില്‍ മക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ മക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. മര്‍ദ്ദനത്തില്‍ പരിക്കുപറ്റിയ ജോര്‍ജ് ഇപ്പോള്‍ അടൂരിലെ മഹാത്മ വൃദ്ധസദനത്തില്‍ കഴിയുകയാണ്.
കഴിഞ്ഞ ദിവസമാണ് തലക്ക് മുറിവേറ്റ് അവശനായ വൃദ്ധനെ വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. മരുമകള്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷം വീട്ടില്‍ നിന്നും ഇറക്കിവിട്ടുവെന്നാണ് ജോര്‍ജ് വെളിപ്പെടുത്തിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വൃദ്ധസദനത്തില്‍ കഴിയുന്ന ജോര്‍ജിനെ നേരില്‍ കണ്ട് പോലീസ് മൊഴി രേഖപ്പെടുത്തി.
മക്കള്‍ക്ക് എതിരെ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാത്തതിനും വീട്ടില്‍ നിന്നും ഇറക്കിവിട്ടതിനുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. തന്റെ ആറ് മക്കള്‍ ചേര്‍ന്ന് 75 സെന്റ് സ്ഥലവും വീടും തട്ടിയെടുത്തുവെന്നും മക്കളും മരുമക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും ജോര്‍ജ് പോലീസിനോട് പറഞ്ഞു. മക്കള്‍ മര്‍ദ്ദിക്കുന്നതിനാലും ഭക്ഷണം നല്‍കാത്തതിനാലും വീട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യം ഇല്ലന്നും ജോര്‍ജ് പറയുന്നു.