ചെറുപുഴ: കെ കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ പേരിലും ആശുപത്രി നിർമ്മാണത്തിന്റെ പേരിലും നടത്തിയ അഴിമതി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഞ്ച് കോൺഗ്രസ് നേതാക്കൾ അറസ്റ്റിലായിരുന്നു. കോൺഗ്രസ് നേതാക്കൾ നടത്തിയത് ആസൂത്രിത തട്ടിപ്പാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കെ കരുണാകരന്റെ പേരിൽ ആശുപത്രിക്കായി ലക്ഷങ്ങൾ പിരിച്ച കോൺഗ്രസ് നേതാക്കൾ ട്രസ്റ്റിലുള്ള മറ്റംഗങ്ങളെ പോലും അറിയിക്കാതെ ഇതേപേരിൽ മറ്റൊരു ട്രസ്റ്റ് രൂപീകരിച്ചാണ് വൻ തട്ടിപ്പ് നടത്തിരിക്കുന്നത്.
ട്രസ്റ്റിന്റെ പണമുപയോഗിച്ച് നിർമ്മാണ കമ്പനിയും സ്വകാര്യ കമ്പനിയും രൂപീകരിച്ച് സ്വത്തുകൾ വകമാറ്റിയ സംഭവത്തിൽ ട്രസ്റ്റ് ഭാരവാഹികളായ 5 കോൺഗ്രസ് നേതാക്കളാണ് അറസ്റ്റിലായത്. കെപിസിസി മുൻ നിർവാഹക സമിതിയിംഗം കുഞ്ഞികൃഷ്ണൻ നായർ, ചെറുപുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, സിഡി സ്കറിയ, ടിവി അബ്ദുൽ സലീം, ജെ സെബാസ്റ്റ്യൻ തുടങ്ങിയവരാണ് അറസ്റ്റിലായ പ്രമുഖർ. ട്രസ്റ്റംഗമായ ജെയിംസ് പന്തമാക്കൽ കൊടുത്ത കേസിലാണ് പയ്യന്നൂർ കോടതി നേതാക്കളെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. തുടർന്ന് നടപടിയെടുത്ത് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കെ കരുണാകരന്റെ പേരിൽ മറ്റൊരു ട്രസ്റ്റ് മറ്റൊരിടത്ത് രഹസ്യമായി രജിസ്റ്റർ ചെയ്താണ് തട്ടിപ്പിന്റെ തുടക്കമെന്ന് വ്യക്തമായത്.
2011ൽ കെ കരുണാകരന്റെ പേരിൽ ആശുപത്രിക്കായി ട്രസ്റ്റ് രൂപീകരിച്ച് ലക്ഷങ്ങൾ പിരിച്ച് നിർമ്മിച്ച കെട്ടിടവും ഇതിനായി രൂപീകരിച്ച നിർമ്മാണ കമ്പനിയും ടിവി സലീം അടങ്ങുന്ന നേതാക്കൾ കൈക്കലാക്കി. ആശുപത്രിക്കൊപ്പം ഉണ്ടാക്കിയ കടമുറികളടക്കം വൻ തുകയ്ക്ക് വിറ്റു. ചെറുപുഴ ഡെവലപ്പേഴ്സ് എന്ന നിർമ്മാണ കമ്പനിയും കെട്ടിട നിർമ്മാണത്തിനൊപ്പം സിയാഡെന്ന കമ്പനിയും രൂപീകരിച്ചായിരുന്നു പൊതുജനങ്ങളെ പറ്റിച്ചുണ്ടാക്കിയ പണം പോക്കറ്റിലാക്കിയത്. ട്രസ്റ്റിലേക്ക് മാത്രം ഒന്നുമെത്തിയില്ല. ആശുപത്രിയുമുണ്ടാക്കിയില്ല.
മുസ്ലിം ലീഗ് ബന്ധമുള്ള അബ്ദുൽസലീമാണ് തട്ടിപ്പിന് പിന്നിലെ തലവനെന്നാണ് പോലീസിന്റെ റിപ്പോർട്ട്. ട്രസ്റ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഉന്നയിച്ചതടക്കമുള്ള പ്രശ്നങ്ങളുടെ പേരിലാണ് പരാതിക്കാരൻ ജെയിംസ് പന്തമാക്കനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അതേസമയം ആശുപത്രിക്കായി കെട്ടിടം പണിത് കടക്കെണിയിലാവുകയും നേതാക്കൾ പണം നൽകാതെ വഞ്ചിക്കുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്ത നിർമ്മാണ കരാറുകാരൻ ജോയ് എന്ന ജോസഫിന്റെ കേസിൽ പോലീസ് നിയമോപദേശത്തിനായി കാത്തിരിക്കുകയാണ്.
Discussion about this post