വൃക്കരോഗികളായ ഉമ്മയെയും രണ്ട് മക്കളെയും സഹായിക്കാന്‍ ‘പാഞ്ഞ്’ തിരൂരിലെ സ്വകാര്യ ബസുകള്‍; നന്മ

ആറ് ബസുകളുടെ മുഴുവന്‍ കളക്ഷനും കൂടാതെ ജീവനക്കാരുടെ വേതനവും ഈ കുടുംബത്തിന് നല്‍കാനാണ് ഇവരുടെ തീരുമാനം.

തിരൂര്‍: വൃക്കരോഗികളായ ഉമ്മയെയും രണ്ട് മക്കളെയും സഹായിക്കാന്‍ നിരത്തിലിറങ്ങി തിരൂരിലെ സ്വകാര്യ ബസുകള്‍. ഇരിങ്ങാവൂര്‍ സ്വദേശി അടൂക്കാട്ടില്‍ ഇബ്രാഹീമിന്റെ ഭാര്യയുടെയും മക്കളുടെയുയും തുടര്‍ ചികില്‍സയ്ക്കാണ് ആറ് ബസുകള്‍ സര്‍വ്വീസ് നടത്തിയത്.

പാറയില്‍ ,സഫാരി ഫിര്‍ദൗസ്, റോയല്‍, മൈത്രി, പിസി സണ്‍സ് തുടങ്ങിയ സ്വകാര്യ ബസുകളിലെ കണ്ടക്ടര്‍മാര്‍ ബാഗ് എടുത്തില്ല, പകരം ബക്കറ്റുമായാണ് എത്തിയത്. വൃക്കരോഗികളായ മാതാവിന്റെയും രണ്ട് മക്കളുടെയും ചികില്‍സാ ചിലവിനുള്ള കാരുണ്യ യാത്രയോട് സഹകരിക്കണമെന്ന് മാത്രമായിരുന്നു ജീവനക്കാരുടെ അഭ്യര്‍ത്ഥന.

ഈ അഭ്യര്‍ത്ഥനയ്ക്ക് വലിയ രീതിയിലുള്ള പിന്തുണ യാത്രക്കാരില്‍ നിന്നും ലഭിച്ചു. ടിക്കറ്റ് ചാര്‍ജ്ജിന് പുറമെ അകമഴിഞ്ഞ് സഹായിക്കാന്‍ യാത്രികര്‍ മറന്നില്ല. ഓരോ ബസിലും കയറിയിറങ്ങിയുള്ള ജീവനക്കാരുടെ ഫണ്ട് ശേഖരണത്തില്‍ കാല്‍നട യാത്രികരും വ്യാപാരികളും പങ്കാളികളായി. ആറ് ബസുകളുടെ മുഴുവന്‍ കളക്ഷനും കൂടാതെ ജീവനക്കാരുടെ വേതനവും ഈ കുടുംബത്തിന് നല്‍കാനാണ് ഇവരുടെ തീരുമാനം.

Exit mobile version