കുമളി: വീട്ടില്‍ കോഴിക്കറിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥന് കിട്ടിയത് എട്ടിന്റെ പണി. പെരിയാര്‍ വന്യജീവി സങ്കേതം ഈസ്റ്റ് ഡിവിഷനിലെ ജീവനക്കാരനാണ് കോഴിക്കറിയുണ്ടാക്കിയതിന് സ്ഥലം മാറ്റം കിട്ടിയത്. കാട്ടുകോഴിയെ പിടിച്ച് കറിവെച്ചുവെന്ന് ആരോപിച്ച് സഹപ്രവര്‍ത്തകന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥന് പണികിട്ടിയത്.
ഉദ്യോഗസ്ഥന്റെ വീട്ടിലുണ്ടാക്കിയ കോഴിക്കറി സഹപ്രവര്‍ത്തകനും കഴിച്ചിരുന്നു. എന്നാല്‍ കറി കഴിച്ചതോടെ അത് നാട്ടുകോഴിയാണോ അതോ കാട്ടുകോഴിയാണോ എന്ന് ജീവനക്കാരന് സംശയമായി. തുടര്‍ന്ന്
മേല്‍ഉദ്യോഗസ്ഥനെ വിളിച്ച് കാട്ടുകോഴിയെ പിടിച്ച് കറിയുണ്ടാക്കിയെന്ന് പരാതി പറയുകയും ചെയ്തു.
താന്‍ നാട്ടുകോഴിയെ തന്നെയാണ് കറിവെച്ചതെന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ മേലുദ്യോഗസ്ഥന് ഇതില്‍ തൃപ്തി വന്നില്ല. സഹപ്രവര്‍ത്തകന്‍ പരാതി പറയുന്നതിന്റെ ഫോണ്‍സംഭാഷണം ജീവനക്കാരനെ കേള്‍പ്പിച്ചു. തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് അയാളുടെ പരാതിയ്ക്ക് പിന്നിലെന്ന് ഉദ്യോഗസ്ഥന്‍ ആരോപിച്ചു.
സംഭവത്തില്‍ ക്ഷുഭിതനായ ഇയാള്‍ പാരപണിത സഹപ്രവര്‍ത്തകന്റെ വീട്ടിലെത്തി കാര്യം ചോദിച്ചു.പിന്നെ കോഴിക്കറിയുടെ പേരില്‍ ഇരുവരുംതമ്മില്‍ ഏറ്റുമുട്ടി. മറ്റ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇരുവരെയും ശാന്തരാക്കിയത്. എന്നാല്‍ ഇരുവരും ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നത് പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്ന് മനസിലാക്കിയതോടെ കോഴിക്കറി വെച്ചആളെ 15 കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു റേഞ്ചിലേക്ക് സ്ഥലംമാറ്റി.