കൊച്ചി: മരട് ഫ്‌ലാറ്റ് വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്. മരടിലെ ഹോളിഫെയ്തില്‍ ഫ്‌ലാറ്റ് വാങ്ങിയ തന്നെ ബില്‍ഡര്‍മാര്‍ കബളിപ്പിച്ചതാണെന്നും ബ്രിട്ടാസ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഫ്ലാറ്റ് പൊളിക്കാതിരിക്കാനുള്ള കാരണക്കാരന്‍ താനാണെന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നുവെന്നും ബ്രിട്ടാസ് പറയുന്നു. എന്നാല്‍ വസ്തുതാവിരുദ്ധമായ കാര്യമാണ് തനിക്കെതിരെ ചിലര്‍ ഉന്നയിക്കുന്നതെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
പലരെയും പോലെ വര്‍ഷങ്ങള്‍ക്കൊണ്ട് ലോണ്‍ അടച്ചു തീര്‍ത്താണ് ഫ്‌ലാറ്റ് സ്വന്തമാക്കിയത്. എന്നാല്‍ വളരെ വൈകിയാണ് മറ്റുള്ളവരെ പോലെ താനും കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. എന്നാല്‍ ചിലര്‍ ആരോപിക്കുന്നത് ഫ്‌ലാറ്റ് പൊളിക്കാതിരിക്കാന്‍ താന്‍ ഇപെടുന്നുവെന്നാണ്.
എന്നാല്‍ ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിവുള്ള ആളാണ് താന്‍ എന്ന് കരുതുന്നില്ലെന്നും, ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ജോണ്‍ ബ്രിട്ടാസ് കുറിപ്പില്‍ പറഞ്ഞു. തന്നെ വഞ്ചിച്ച ബില്‍ഡര്‍മാര്‍ക്കും, ബാങ്കിനുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ബ്രിട്ടാസ് കുറിച്ചു.
”മരടിലെ ഫ്ളാറ്റുകളുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴച്ച് അസത്യങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. കള്ളങ്ങൾ തുടർച്ചയായി ആവർത്തിക്കുമ്പോൾ യഥാർത്ഥകാര്യം സുതാര്യമായി പറയണമല്ലോ.
ദീർഘകാലം ഉത്തരേന്ത്യയിൽ താമസിച്ചശേഷം കേരളത്തിലേക്ക് തിരികെ വന്നപ്പോൾ, പതിമൂന്നോ പതിനാലോ വർഷങ്ങൾക്ക് മുമ്പാണ് എറണാകുളം മരടിലെ ഒരു അപ്പാർട്ട്മെന്റിൽ ഫ്ലാറ്റ് ബുക്ക് ചെയ്തത്. റെയിൽവേയിൽ ഉദ്യോഗസ്ഥയായ ഭാര്യക്കു കേരളത്തിലേക്കു സ്ഥലംമാറ്റം കിട്ടാൻ സാധ്യത ഉണ്ടെന്നുള്ളതും കേന്ദ്ര സർക്കാർ ഓഫീസുകൾ കൂടുതൽ ഉള്ളത് കൊച്ചിയിൽ ആണെന്നതും ആയിരുന്നു പ്രധാന കാരണം. ലഭ്യത കൂടുതൽ ഉള്ളത് കൊണ്ടായിരിക്കാം മറ്റ് ചെറു പട്ടണങ്ങളെക്കാൾ വില കുറവായിരുന്നു എറണാകുളത്ത്, 20-22 ലക്ഷം രൂപക്ക് തെറ്റില്ലാത്ത ഫ്ലാറ്റുകൾ ലഭിച്ചിരുന്നു. 1400 ചതുരശ്രയടി കാർപെറ്റ് ഏരിയ ഉള്ള, രണ്ടു ചെറിയ ബെഡ്‌റൂമും ഒരു സ്റ്റഡിയും ഉള്ള സാധാരണ ഫ്ലാറ്റ് ആണ് ഞങ്ങൾ ബുക്ക് ചെയ്തത്. ആശുപത്രികൾ, ഹോട്ടലുകൾ എന്നിവ അടുത്തുള്ളതും ഹൈവേയിലേക്ക് എളുപ്പത്തിൽ ഇറാങ്ങാൻ കഴിയുന്നതുമായ സ്ഥലമെന്ന പരിഗണയായിരുന്നു ഞങ്ങളുടെ മനസ്സിൽ.
ഉത്തരേന്ത്യയിൽ നല്ലൊരു കാലം ചിലവഴിച്ച എനിക്കും കുടുംബത്തിനും കേരളത്തിലെ സംവിധാങ്ങളെ കുറിച്ച് ബാഹ്യ ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എല്ലാ പെർമിറ്റുകളുമുള്ള, സർവോപരി ബാങ്കിന്റെ അപ്രൂവലുമുള്ള, പ്രൊജക്റ്റ് ആണ് എന്നതുകൊണ്ട് മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചില്ല. ഫ്ലാറ്റ് വിലയുടെ 80 % ഫെഡറൽ ബാങ്കിന്റെ പനങ്ങാട് ശാഖയിൽ നിന്ന്, എന്റെയും കേന്ദ്രഗവണ്മെന്റിൽ ക്ലാസ്-1 ഓഫീസർ ആയ എന്റെ ഭാര്യയുടെയും ശമ്പള സ്ലിപ്പുകളുടെ അടിസ്ഥാനത്തിൽ അനുവദിക്കുകയും ചെയ്തു. 12 വർഷത്തിലേറെയുള്ള അടവിനു ശേഷം കഴിഞ്ഞ വർഷമോ മറ്റോ ആണ് ഈ ലോൺ അടഞ്ഞു തീർന്നത്.
മരടിലെ ഫ്ലാറ്റിൽ നിക്ഷേപിച്ച ശരാശരി വിദേശ ഇന്ത്യക്കാർ പണം മുടക്കാൻ ധൈര്യം കാണിച്ചതും മേൽ പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം. എല്ലാ അനുമതികളും, പ്രത്യേകിച്ച്, ധനകാര്യ സ്ഥാപനങ്ങളുടെ എല്ലാത്തരം നിയമ പരിശോധനകളും കഴിഞ്ഞുള്ള പ്രോജെക്ടിൽ, നിക്ഷേപിക്കുന്നതിൽ സാധാരണ ആരും അപകടം മണക്കില്ലല്ലോ?
റെജിസ്‌ട്രേഷനും ബിൽഡിംഗ് നമ്പറുമൊക്കെ ലഭിച്ച് കെട്ടിടനികുതി നൽകിയ ഫ്ളാറ്റിനെക്കുറിച്ച് മറ്റുള്ളവരെപ്പോലെ എനിക്കും ആശങ്ക ഒന്നും ഉണ്ടായിരുന്നില്ല. എന്റെ കുടുംബാഗങ്ങൾ ഈ ഫ്ലാറ്റിൽ കുറച്ചുകാലം താമസിച്ചു.പിന്നീട് ലേക് ഷോറിൽ ചികിത്സയിൽ കഴിഞ്ഞ ഒന്നുരണ്ടുപേർ താമസിച്ചു. ഒടുവിൽ ചെറിയ വാടകക്ക് ഈ ഫ്ലാറ്റ് നൽകിയപ്പോൾ അതിൽ നിന്നും കിട്ടിയ വരുമാനം എന്റെ ഭാര്യാപിതാവിന്റെ അർബുദചികിത്സക്ക് വേണ്ടിയാണു മുടക്കുന്നതെങ്കിലും ആദായനികുതി റിട്ടേണിൽ കൃത്യമായി കാണിക്കുകയും ചെയ്തു .
മറ്റുളവരെപ്പോലെ ഞാനും കബളിപ്പിക്കപ്പെട്ടുവെന്ന് വളരെ വൈകിയാണ് അറിഞ്ഞത് . സുപ്രീംകോടതി വിധി പ്രകാരം ഫ്ലാറ്റ് പൊളിക്കുന്നത് തടയാനോ മറ്റെന്തെകിലും സ്വാധീനങ്ങൾക്കോ ചെറുവിരൽ പോലും ഞാൻ അനക്കിയിട്ടില്ല.( അതിനുള്ള കഴിവ് എനിക്കുണ്ട് എന്ന വിശ്വാസം എനിക്കില്ല). ഇനി ഉണ്ടെന്ന് വാശി പിടിക്കുന്നവരോട് ചോദിക്കട്ടെ.. അങ്ങിനെ ആയിരുന്നെങ്കിൽ അതിനുള്ള അവസരം രണ്ടു തവണ ഉണ്ടായിരുന്നല്ലോ : സംസ്ഥാനഗവൺന്മെന്റിന്റെ അധികാര പരിധിയിലുള്ള തീരദേശ മാനേജ്‌മന്റ് അതോറിറ്റി ഫ്ലാറ്റ് പൊളിക്കണമെന്ന രീതിയിൽ ആവശ്യപ്പെട്ടപ്പോഴും സുപ്രീംകോടതി നിയോഗിച്ച, കേരളഗവൺമെന്റിലെ മൂന്ന് ഉദ്യോഗസ്ഥരടങ്ങിയ സമിതി, ഫ്‌ളാറ്റിനെതിരെ റിപ്പോർട്ട് നൽകിയപ്പോഴും!
എന്നെപോലെ ഇരയായവർ ആണ് എറിയ പങ്കും. കേരളം ആദരിക്കുന്ന Dr VP ഗംഗാധരനെ പോലുള്ളവർ എന്തെങ്കിലും ദുരുദ്ദേശത്തോടെ ഇവിടെ ഫ്ലാറ്റ് വാങ്ങുമെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ?
അനുമതികളും ബാങ്ക് അപ്രൂവലുകളും ഉള്ള ഫ്ലാറ്റ് ആയിരുന്നെങ്കിലും ഒരു ചങ്ങലവെച്ച് അളക്കുകയും CRZ നിയമം ( അന്ന് ആ നിയമം എന്താണെന്നു അറിയാവുന്നവർ എത്ര പേർ എന്നത് മറ്റൊരു കാര്യം) അരിച്ചു പെറുക്കി പരിശോധിക്കാതിരുന്നതും നിയമജ്ഞരുടെ സഹായത്തോടെ എല്ലാകാര്യങ്ങളും ഇഴകീറി നോക്കാതിരുന്നതും എന്റെ ബുദ്ധിമോശമാണ്.ശരാശരി ഫ്ലാറ്റ് ഉടമകൾക്ക് സംഭവിച്ചതും ഈ ബുദ്ധിമോശം തന്നെ!! ഇങ്ങിനെ ഫ്ലാറ്റ് വാങ്ങുന്നവരെ ഞാൻ അപൂർവമായി പോലും കണ്ടിട്ടില്ല എന്നത് മറ്റൊരു കാര്യം !
അപ്പാർട്ട്മെന്റ് സൊസൈറ്റിയിൽ സജീവ അംഗത്വവും കൃത്യമായി മെയിന്റനൻസ് അടക്കുകയും ചെയ്യുന്ന ഞാൻ ഫ്ലാറ്റ് മറ്റാരുടെയോ തലയിൽ വെച്ച് ഊരി എന്ന് പ്രചരിപ്പിക്കുന്നവരെ ഒക്കെ എന്ത് ചെയ്യണം? രാഷ്ട്രീയ എതിർപ്പുണ്ടെങ്കിൽ അതിന്റെ ഗോദയിൽ വന്നു മുട്ട്. അല്ലാതെ തറ വേലയിൽ അഭിരമിച്ചു സ്വന്തം സംസ്ക്കാരം പുറത്തു വിടാതെ..
നിയമങ്ങൾ കർശനമായി പാലിക്കപ്പെടണം. പക്ഷെ നിരപരാധികൾ ശിക്ഷിക്കപ്പെടരുത്.
കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് (20 ലക്ഷം പേർ) തൊഴിൽ കൊടുക്കുന്ന മേഖല ആണ് നിർമാണ രംഗം. NRK -NRI ക്കാരുടെ നിക്ഷേപം ആണ് ഈ മേഖലയുടെ ജീവൻ നില നിർത്തുന്നത്. മരട് പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ എത്ര പേർ ഇനി നിക്ഷേപം നടത്താൻ രംഗത്ത് വരുമെന്ന ചോദ്യം അവഗണിക്കേണ്ട ഒന്നല്ല. വിശ്വാസ പ്രതിസന്ധിയുടെ ഈ മേഖലയെ ശുദ്ധീകരിക്കാൻ മരട് ഫ്ലാറ്റുകളുടെ ധൂളികൾക്ക് കഴിയുമെങ്കിൽ വ്യക്തിപരമായ നഷ്ടം നോക്കാതെ അതിനെ ഞാൻ സ്വാഗതം ചെയ്യുന്നു.
നിയമം അതിന്റെ വഴിക്കു പോകട്ടെ. (പക്ഷെ മറ്റ് ചില കെട്ടിടങ്ങളുടെ കാര്യത്തിൽ അത് വളഞ്ഞു സഞ്ചരിച്ചു എന്നത് മറ്റൊരു കാര്യം ). പൊളിക്കണം എന്നതാണ് തീരുമാനമെങ്കിൽ ഫ്ലാറ്റ് പൊളിക്കട്ടെ.
പൊളിക്കുന്ന പക്ഷം കേരളസർക്കാരിൽ നിന്നും നഷ്ടപരിഹാരമോ പുനരധിവാസമോ തേടാൻ എനിക്കു താല്പര്യമില്ല. എന്നാൽ കബളിപ്പിക്കപ്പെട്ട വ്യക്തി എന്ന നിലയിൽ, ഒരു ഇര എന്ന നിലക്ക്, എന്നെ വഞ്ചിച്ച ബിൽഡർക്കും അതിനു കൂട്ടുനിന്ന അധികൃതർക്കും ഒരു വ്യാഴവട്ടകാലത്തിലേറെ പലിശയും വായ്പാ മുതലും തിരിച്ചു വാങ്ങിയ ബാങ്കിനുമെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അധികാരം ഞാൻ നിലനിർത്തും.
കാര്യങ്ങൾ അറിയാൻ താൽപര്യമുള്ളവരെ ഉദ്ദേശിച്ചുകൊണ്ടാണ് ഈ പോസ്റ്റ്. എന്റെ രാഷ്ട്രീയ നിലപാടിനെ മുൻനിർത്തി അപവാദം ചൊരിയാൻ ശ്രമിക്കുന്നവരോട് പ്രതികരിച്ച് എന്റെ സമയം കളയുവാനോ അവരുടെ സംസ്കാരത്തിലേക്ക് താഴാനോ ഞാൻ ഒരുക്കമല്ല എന്ന് കൂടി അറിയിക്കുന്നു.”
Discussion about this post