തൃശ്ശൂര്‍: നീളമുള്ള തലമുടി വെട്ടി, മുടി കൊഴിഞ്ഞ കാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്ത പോലീസുകാരി കാരുണ്യത്തിന്റെ ആള്‍രൂപമാകുന്നു. തൃശ്ശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷനിലെ (ഇരിഞ്ഞാലക്കുട) സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ അപര്‍ണ ലവകുമാരാണ് തന്റെ നീളമുള്ള തലമുടി വെട്ടി, മുടി കൊഴിഞ്ഞ കാന്‍സര്‍ രോഗികള്‍ക്ക് വിഗ് ഉണ്ടാക്കുന്നതിനായി നല്‍കിയത്.
തലമുടി മുഴുവനായും വെട്ടി, തല മൊട്ടയാക്കിയാണ് തൃശ്ശൂരിലെ അമല ഹോസ്പിറ്റലില്‍ മുടി ദാനം ചെയ്തിരിക്കുന്നത്. കേരളപോലീസ് ഫേസ്ബുക്ക് പേജിലൂടെ അമൃതയുടെ ചിത്രങ്ങള്‍ പങ്കുവെച്ചു. അമൃതയുടെ മുടി മുറിക്കുന്നതിന് ശേഷവും മുന്‍പുമുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മൂന്നുവര്‍ഷം മുന്‍പും അപര്‍ണ്ണ തന്റെ തലമുടി കാന്‍സര്‍ രോഗികള്‍ക്ക് ദാനം നല്കിയിരുന്നു. എന്നാല്‍ ഇത്തവണ തലമൊട്ടയാക്കിയാണ് മുടി നല്‍കിയത്. പ്രവര്‍ത്തന മികവിനും പ്രശസ്ത സേവനത്തിനുമുള്ള 2015ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ അപര്‍ണ്ണ ലവകുമാറിന് ലഭിച്ചിട്ടുണ്ട്.
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
തൃശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷനില്‍ (ഇരിഞ്ഞാലക്കുട) സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയി ജോലി നോക്കുന്ന ശ്രീമതി. അപര്‍ണ്ണ ലവകുമാര്‍ തനിക്കു അനുഗ്രഹമായി കിട്ടിയ തലമുടി, തൃശൂരിലെ അമല ഹോസ്പിറ്റലിലെ ക്യാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്തു. മൂന്നുവര്‍ഷം മുമ്പും തന്റെ തലമുടി 80 % നീളത്തില് മുറിച്ച്, ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി അപര്‍ണ്ണ ദാനം നല്കിയിരുന്നു.
ഇതിനു മുന്‍പും അപര്‍ണ്ണയുടെ കാരുണ്യ സ്പര്‍ശം വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെ വിഷമിച്ച ഒരാള്‍ക്ക് തന്റെ കയ്യില്‍ കിടന്ന സ്വര്‍ണ്ണവള ഊരി നല്‍കിയത് വാര്‍ത്തയായിരുന്നു.നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ ഇത്തവണ തെക്കനോടി വിഭാഗത്തില്‍ ഒന്നാമതെത്തി ട്രോഫി കരസ്ഥമാക്കിയത് അപര്‍ണ്ണകൂടി തുഴയെറിഞ്ഞ കേരളാ പോലീസിന്റെ വനിതാ ടീം ആണ്.
പ്രവര്‍ത്തന മികവിനും പ്രശസ്ത സേവനത്തിനുമുള്ള 2015-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ അപര്‍ണ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്.അപര്‍ണ്ണ ലവകുമാറിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍.