കൊല്ലം: ആ തിരക്കേറിയ ദേശീയപാത കടന്നാണ് ഭാഗ്യദേവത ചുങ്കത്ത് ജ്വല്ലറിയിലെ ആറ് ജീവനക്കാരെ തേടിയെത്തിയത്. തിരുവോണം ബംപർ ലോട്ടറിയുടെ രൂപത്തിൽ ഒരുമിച്ച് ജോലി ചെയ്യുന്ന ആറ് പേരാണ് കോടിപതികളായത്. ബംപർ ലോട്ടറി ടിക്കറ്റുകൾ സംഘം ചേർന്നെടുക്കുന്നതു പതിവാണെങ്കിലും ഇത്തവണ ലോട്ടറിയെടുക്കാൻ വലിയ താൽപര്യം ഈ സംഘം കാണിച്ചിരുന്നില്ല. ഒടുവിൽ റോണിയും വിവേകും രതീഷും ചേർന്നു ടിക്കറ്റ് വാങ്ങാൻ തയാറെടുത്തതോടെ രാജീവനും രംജിനും ഒപ്പം ചേർന്നു. ആറു പേരെങ്കിലും വേണമെന്ന അഭിപ്രായം വന്നതോടെ മനസില്ലാ മനസോടെ സുബിനും സംഘത്തിൽ ചേർന്നു. പക്ഷേ, ഭാഗ്യം ഇങ്ങനെ ഞെട്ടിക്കുമെന്ന് ഇവരും കരുതിയില്ല. ടിവിയിൽ ആദ്യം ലോട്ടറി ഫലം വാർത്തയായി വന്നതോടെയാണ് ഇവർ ടിക്കറ്റ് പരിശോധിച്ചത്.
തുടർന്നു ഫലം ഉറപ്പാക്കാൻ നേരെ ലോട്ടറി വിൽപനക്കാരനായ സിദ്ദീഖിനരികിലെത്തി. ഭാഗ്യത്തിന്റെ വിളി സത്യമാണെന്നു ബോധ്യപ്പെട്ടതോടെ ആർപ്പുവിളിയായി. ഭാഗ്യവാൻമാരെ കാണാനും അഭിനന്ദിക്കാനും വിവരങ്ങൾ ശേഖരിക്കാനും എത്തിയവരെക്കൊണ്ടു ദേശീയപാതയിൽ ഗതാഗത കുരുക്ക് പോലും സംഭവിച്ചു. വിജയികളിൽ 3 പേർ മാത്രമാണു വിവാഹിതർ. രണ്ടാഴ്ച മുൻപു പിതാവ് മരിച്ച സങ്കടം മാറാത്ത രംജിന് ഭാഗ്യദേവതയുടെ വിളി ആശ്വാസമായി. സ്വന്തമായി വീടില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. കടങ്ങളും പ്രശ്‌നങ്ങളും പരിഹരിച്ചു കുടുംബാംഗങ്ങൾക്കു നല്ലൊരു ജീവിതം നൽകാമെന്ന പ്രതീക്ഷയിലാണിവർ. ജീവകാരുണ്യപ്രവർത്തനങ്ങൾക്കും പണം നൽകാൻ ഇവരാലോചിക്കുന്നുണ്ട്.
ടിക്കറ്റ് എടുത്തതിനു ശേഷം കൂട്ടത്തിലെ രാജീവൻ തമാശയായി പറഞ്ഞ കാര്യം സത്യമായെന്ന ഒരു യാദൃശ്ചികതയും ലോട്ടറി വിജയികൾ പങ്കുവെച്ചു. ടിക്കറ്റ് എടുത്തു തിരികെയെത്തിയ ശേഷം സംഘത്തിലെ രാജീവൻ ജ്വല്ലറി മാനേജരോടു തമാശയായി ഒരു അവധി ചോദിച്ചിരുന്നു. മാനേജർ കാര്യം തിരക്കിയപ്പോൾ ഓണം ബംപർ അടിച്ചു കഴിഞ്ഞു ബാങ്കിൽ പോകാനാണെന്ന് മറുപടിയും പറഞ്ഞു. കേട്ടു നിന്നവർ ചിരിച്ചെങ്കിലും ആ തമാശ ഇപ്പോൾ കാര്യമായതിന്റെ അമ്പരപ്പിലാണിവർ. സിദ്ദീഖിന്റെ കൈയ്യിൽ നിന്നാണ് കരുനാഗപ്പള്ളിയിലെ ഈ വിജയികൾ ടിക്കറ്റെടുത്തത്. ഇതേ ലോട്ടറിക്കടയിൽനിന്നു തന്നെ വിറ്റ ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപയുമുണ്ട്. എന്നാൽ ആരാണു വിജയിയെന്നു കണ്ടെത്തിയിട്ടില്ല. ഇതിനൊപ്പം 1000 രൂപയുടെ 13 സമ്മാനങ്ങളും സിദ്ദീഖ് വിറ്റ ഓണം ബംപർ വഴി അടിച്ചിട്ടുണ്ട്.