ഇടുക്കി: എസ്‌ഐയുടെ പേരില്‍ ഒരു പെട്ടി എത്തിയപ്പോള്‍ ആദ്യം ആശങ്കയ്ക്കാണ് വഴിവെച്ചത്. ശേഷം പെട്ടി തുറന്ന് നോക്കിയപ്പോള്‍ കണ്ടത് മധുരപലഹാരങ്ങള്‍ക്കൊപ്പം ഒരു കുറിപ്പുമാണ്. പാതിരാത്രിയില്‍ ജീപ്പില്‍ നിന്ന് വഴിയോരത്ത് വീണ കുരുന്നിന്റെ ജീവന്‍ രക്ഷിച്ചതിന്റെ നന്ദി പ്രകടനമായിരുന്നു ആ പെട്ടി നിറയെ. പോലീസ്-ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മനസും കണ്ണും ഒരുപോലെ നിറഞ്ഞു.
അങ്കമാലിയിലെ ഒരു കച്ചവടക്കാരനാണ് ഓണസമ്മാനമായി പലഹാരങ്ങള്‍ അയച്ചത്. ജീവന്‍ എന്ന ബേക്കറി നടത്തുന്ന വ്യാപാരിയാണ് പാര്‍സല്‍ അയച്ചത്. ‘പൊന്നോണനാളില്‍ പൊന്നിന്റെ ജീവന്‍ രക്ഷിച്ച ഫോറസ്റ്റ്-പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊന്നോണ ആശംസകള്‍’ എന്നാണ് മധുരങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കുറിപ്പ്. ബുധനാഴ്ച ഉച്ചയോടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മാനം പാര്‍സലായി സ്റ്റേഷനിലെത്തിയത്.
ഓണസമ്മാനമായി ചക്കരവരട്ടിയും ചിപ്പും പിന്നെ പേരും ഫോണ്‍ നമ്പറുമാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്. ഞായറാഴ്ച പാതിരാത്രി പഴനി യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഒന്നര വയസ് പ്രായമുള്ള കുട്ടി അമ്മയുടെ കൈയ്യില്‍ നിന്നും വഴുതി റോഡില്‍ വീണത്. രാജമല ഒന്‍പതാം മൈലില്‍ വീണ കുട്ടിയെ ഫോറസ്റ്റ് വാച്ചര്‍മാരാണ് രക്ഷപ്പെടുത്തി മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പുലര്‍ച്ചയോടെ പോലീസിന്റെ സാന്നിധ്യത്തില്‍ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. സിസിടിവിയില്‍ കുട്ടിയെ കണ്ടതാണ് ദുരന്തം ഒഴിവാകാന്‍ ഇടയായത്.
Discussion about this post