തിരുവനന്തപുരം: സംസ്ഥാനത്തെ വിട്ട് ഒഴിയാതെ മഴയുടെ പിടി. ഓഗസ്റ്റിൽ കനത്തനാശം വിതച്ച് സെപ്റ്റംബറിലും തുടരുന്ന മഴ ഇനി ഒക്ടോബറിലേക്കു നീളാൻ സാധ്യത. തുലാമഴയുടെ രൂപത്തിൽ കേരളത്തിൽ മഴ തുടരുമെന്നാണു സൂചന. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി മൂന്നോളം ന്യൂനമർദ്ദങ്ങളാണ് മഴപെയ്ത്ത് നടത്താൻ തയ്യാറെടുക്കുന്നത്.
ദക്ഷിണേന്ത്യയുടെ നേരെയാണ് ന്യൂനമർദ്ദം കനക്കുന്നത്. ഇതിനുള്ളിൽ തന്നെ 2 മഴപ്രേരക ചുഴികളുമുണ്ട്. രണ്ടാമത്തെ ന്യൂനമർദം ഇന്ന് അറബിക്കടലിൽ കൊങ്കൺ തീരത്തായി രൂപപ്പെട്ട് വടക്കോട്ടു നീങ്ങും. 24 നാണ് മൂന്നാമത്തെ ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുക. ഇത് കേരളത്തിൽ കനത്തമഴയ്ക്ക് കളമൊരുക്കും. ഒരേ കാലത്ത് മൂന്നു ന്യൂനമർദങ്ങൾ അപൂർവമാണെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം.
രാജ്യത്ത് ഈ വർഷം മഴ ഒഴിഞ്ഞുനിൽക്കില്ലെന്നാണ് സൂചന. രാജ്യത്തിന്റെ മധ്യഭാഗത്തു നിന്നു മഴ പിൻവാങ്ങണമെങ്കിൽ ഒക്ടോബർ പകുതി കഴിയണമെന്നാണു രാജ്യാന്തര ഏജൻസികളുടെ വിലയിരുത്തൽ. ഈ സമയത്ത് കേരളത്തിലും തമിഴ്‌നാട്ടിലും തുലാമഴയ്ക്കു (വടക്കു കിഴക്കൻ മൺസൂൺ) തുടക്കമാകും. ഭേദപ്പെട്ട തുലാമഴയെന്ന പ്രവചനമാണ് നിലവിലുള്ളത്. എന്നാൽ, കനത്ത മഴയും പ്രളയവും വരെ പ്രതീക്ഷിക്കാമെന്നാണ് ഇതിൽ നിന്നും വായിച്ചെടുക്കാവുന്ന സൂചനകൾ.
ഇപ്പോൾ തന്നെ 70 ശതമാനത്തോളം നിറഞ്ഞു കിടക്കുന്ന അണക്കെട്ടുകളാണ് സംസ്ഥാനത്തുള്ളത്. അതിനാൽ, ജാഗ്രതയോടെ നിരീക്ഷിക്കേണ്ടി വരും ഈ സാഹചര്യം. സെപ്റ്റംബർ പകുതിയോടെയാണ് ഉത്തരേന്ത്യയിൽ നിന്നു മഴയുടെ വിടവാങ്ങൽ ആരംഭിക്കേണ്ടത്. എന്നാൽ ഇക്കുറി മഴ പിന്മാറാൻ തയ്യാറായിട്ടില്ല. പാകിസ്താനിലെ കനത്ത ചൂടാണ് ഇതിനുകാരണം. ഇക്കുറി കേരളത്തിൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് കാലവർഷം 14 ശതമാനം അധികമാണ്. രാജ്യവ്യാപകമായി 4 ശതമാനം അധികമഴയുണ്ട്.
Discussion about this post