കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസമാണ് കേരളചരിത്രത്തിലെ ഏറ്റവും വലിയ തുകയുള്ള ഓണം ബംപറിന്റെ ഫലം വന്നത്. കരുനാഗപ്പള്ളിയിലെ സ്വര്‍ണ്ണ വ്യാപാര സ്ഥാപനത്തിലെ ആറ് ജീവനക്കാരെ തേടിയാണ് ആ മഹാഭാഗ്യം എത്തിയത്. ആ അമ്പരപ്പും സന്തോഷവും ഇപ്പോഴും ഇവരെ വിട്ടുമാറിയിട്ടില്ല. എന്നാല്‍ അവര്‍ക്ക് മഹാഭാഗ്യം എത്തിയത് കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് തയ്യില്‍ വീട്ടില്‍ സിദ്ദിഖിന്റെ (55) കൈകളിലൂടെയായിരുന്നു.
ആ മാഹാഭാഗ്യം വില്‍ക്കാനായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ സിദ്ധിഖ്. കഴിഞ്ഞ നാലുവര്‍ഷമായി ലോട്ടറി വില്‍പ്പന നടത്തിവരികയാണ് ഇദ്ദേഹം. ലാലാജി ജംഗ്ഷന് തെക്ക് ദേശീയപാതയോരത്തെ മരച്ചുവട്ടിലാണ് സിദ്ദിഖ് ലോട്ടറി വില്‍പ്പന നടത്തുന്നത്. കായംകുളത്തെ ശ്രീമുരുകാ ലക്കി സെന്റര്‍ ഉടമ ശിവന്‍കുട്ടിയുടെ സബ് ഏജന്റാണ് സിദ്ദിഖ്. ലോട്ടറി വിറ്റു ലഭിക്കുന്ന ചെറിയ വരുമാനത്തിലൂടെയാണ് കുടുംബം കഴിഞ്ഞു പോവുന്നത്.
സ്വന്തമായി വീട് വയ്ക്കണമെന്നതാണ് സിദ്ദിഖിന്റെ ആഗ്രഹം. വീട് വയ്ക്കുന്നതിനായി കുറ്റിപ്പുറത്തിനു സമീപം അഞ്ച് സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ 10 ശതമാനമായ 1.20 കോടി രൂപ ഏജന്‍സി കമ്മീഷനാണ്. ഈ തുകയുടെ സര്‍ക്കാര്‍ നികുതി കഴിച്ചുള്ള തുക പ്രധാന ഏജന്റിനാണ് ലഭിക്കുക. ഇതില്‍ നിന്ന് ഒരു വിഹിതം സിദ്ദിഖിനെയും തേടിയെത്തും.