സ്വത്തിന് വേണ്ടി പെറ്റമ്മയെ പൂട്ടിയിട്ടു; പുഴുവരിച്ച് കിടക്കുന്ന അമ്മയെ രക്ഷിക്കാന്‍ ആരെയും അടുപ്പിക്കാതെ മകന്റെ ക്രൂരത, ഒടുവില്‍ പോലീസ് വീട് ചവിട്ടിത്തുറന്ന് രക്ഷയ്‌ക്കെത്തി

സഹോദരങ്ങള്‍ എത്തിയിട്ടും കടത്തി വിടാതെ വന്നതോടെയാണ് പോലീസ് എത്തിയത്.

തിരുവനന്തപുരം: ബാലരാമപുരത്ത് സ്വത്തിന് വേണ്ടി പെറ്റമ്മയെ വീട്ടില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത. ദിവസങ്ങളോളും കിടന്നിടത്ത് കിടന്ന് ദുരിതം അനുഭവിച്ച്, ഒടുവില്‍ പുഴുവരിച്ച് കിടക്കുന്ന വൃദ്ധയെ രക്ഷിക്കാന്‍ പോലും ആരെയും കടത്തി വിടാതെയായിരുന്നു ഇയാളുടെ ക്രൂരത. ഒടുവില്‍ പോലീസ് എത്തി വാതില്‍ ചവിട്ടി തുറന്നാണ് അവരെ രക്ഷപ്പെടുത്തിയത്.

സഹോദരങ്ങള്‍ എത്തിയിട്ടും കടത്തി വിടാതെ വന്നതോടെയാണ് പോലീസ് എത്തിയത്. സ്വത്ത് തട്ടിയെടുക്കാനാണ് അമ്മയെ പൂട്ടിയിട്ടതെന്ന് മറ്റ് മക്കള്‍ പരാതി നല്‍കി. ഇതോടെ ബാലരാമപുരം സ്വദേശി വിജയകുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പെറ്റമ്മയെ കാണാന്‍ രണ്ട് മക്കളും അവരുടെ ബന്ധുക്കളും ഇന്നലെ വൈകിട്ട് മുതല്‍ സഹോദരന്റെ വീടിന് മുന്നില്‍ കാത്ത് നില്‍ക്കുകയാണ്. ഇളയ മകനായ വിജയകുമാറിന്റെ വീട്ടിലാണ് 80 വയസ് പിന്നിട്ട ലളിത താമസിക്കുന്നത്. രോഗം മൂര്‍ഛിച്ചിട്ടും അമ്മയ്ക്ക് ചികിത്സ നല്‍കുന്നില്ലെന്ന് അറിഞ്ഞെത്തിയവരെ വീടും ഗെയിറ്റും പൂട്ടി വിജയകുമാര്‍ തടയുകയായിരുന്നു.

സഹോദരങ്ങളും പഞ്ചായത്ത് മെമ്പറും അയല്‍ക്കാരും ആവര്‍ത്തിച്ച് അവശ്യപ്പെട്ടിട്ടും അമ്മയെ കാണിക്കാനോ, ഗേറ്റ് തുറക്കാനോ കൂട്ടാക്കിയില്ല. ശേഷമാണ് പോലീസ് എത്തിയത്. ഉറക്കെ കരയാന്‍ പോലും ത്രാണിയില്ലാതെ ഒരു പുതപ്പില്‍ പൊതിഞ്ഞ് അമ്മയെ കിടത്തിയിരിക്കുന്നതായിരുന്നു വീട്ടിനുള്ളില്‍ കണ്ടത്. മറ്റ് മക്കള്‍ ചേര്‍ന്ന് അല്‍പം വെള്ളം കൊടുത്ത ശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഭാര്യയും മക്കളുമായി മറ്റൊരു വീട്ടില്‍ താമസിക്കുന്ന വിജയകുമാര്‍ അമ്മയെ ഒറ്റക്ക് പൂട്ടിയിടുകയായിരുന്നെന്ന് അയല്‍ക്കാരും പറഞ്ഞു. ഭൂമി വിറ്റ 15 ലക്ഷത്തോളം രൂപ അമ്മയുടെ അക്കൗണ്ടിലുണ്ട്. അത് തട്ടിയെടുക്കാനാണ് അമ്മയെ പൂട്ടിയിട്ടതെന്ന് മക്കള്‍ ആരോപിച്ചു.

Exit mobile version