കൊച്ചി: കോളേജ് ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണിനും ലാപ്ടോപ്പിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. ഇത്തരം നടപടി ഉചിതമല്ലെന്നും കോടതി വ്യക്തമാക്കി. കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരേയുള്ള ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
ഇതേ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഫഹീമ ഷിറിനാണ് ഹര്‍ജി നല്‍കിയത്. മൊബൈല്‍ ഫോണിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഫഹീമയെ കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ബി.എ. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് ഫഹീമ ഷിറിന്.
വൈകീട്ട് ആറു മുതല്‍ പത്തുവരെയാണ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ ഫോണുകള്‍ക്കും ലാപ്ടോപ്പിനും നിയന്ത്രണം. എന്നാല്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ല. പെണ്‍കുട്ടികള്‍ക്ക് മാത്രം ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ലിംഗ വിവേചനമാണെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.
പെണ്‍കുട്ടികളുടെ സുരക്ഷയുടെ പേരിലുള്ള ഇത്തരം വിവേചനം പാടില്ലെന്ന് യുജിസി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണിന് നിരോധനമില്ലെന്നും പഠിക്കുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നതിന് മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും കോളേജ് അധികൃതരും വാദിച്ചു.
ഹോസ്റ്റലില്‍ പ്രവേശനം നേടാനുള്ള നിബന്ധനയില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. ഹര്‍ജിക്കാരി ഇതില്‍ ഒപ്പിട്ടതാണെന്നും രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഇത്തരം നിയന്ത്രണമെന്നും അധികൃതര്‍ പറഞ്ഞു. ഹര്‍ജിക്കാരി ഒഴികെ മറ്റാരും ഈ നിബന്ധനയെ എതിര്‍ത്തിട്ടില്ലെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ മറ്റാരും എതിര്‍ത്തില്ലെന്ന കാരണത്താല്‍ ഇത്തരം ഒരു വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഉപയോഗം മറ്റുള്ളവര്‍ക്ക് ശല്യമാകുന്നില്ലെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള നിയന്ത്രണം മതിയാകുമെന്നും ഫഹീമയെ ഉടന്‍ തിരിച്ചെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Discussion about this post