തൃശ്ശൂര്‍: കഴിഞ്ഞ ദിവസം മദ്യപിച്ചെത്തുന്ന മകന് ഭാര്യയേയും കുട്ടികളെയും മര്‍ദ്ദിക്കുന്നതും അവരുടെ കരച്ചിലും സഹിക്കാനാവാതെ പരാതി പറയാന്‍ തൃശ്ശൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു രാജമ്മ. എന്നാല്‍ കണ്ടതാകട്ടെ വിതുമ്പിയും കരഞ്ഞ് കണ്ണ് കലങ്ങി നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും ആണ്. വീട്ടിലെ കൂട്ടക്കരച്ചിലും സങ്കടവും കണ്ട് എത്തിയ രാജമ്മയെ പോലീസ് സ്റ്റേഷനിലെ കൂട്ടക്കരച്ചില്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു.
പോലീസ് സ്റ്റേഷനിലേയ്ക്ക് കാലെടുത്ത് വെച്ചപ്പോള്‍ കണ്ടത് നിറകണ്ണുകളുമായി വിതുമ്പികൊണ്ട് പോകുന്ന വനിതാ പോലീസിനെയാണ്. പിന്നീട് മുന്പോട്ട് നീങ്ങിയപ്പോള്‍ സ്റ്റേഷനിലുള്ളിലെ മൂലയിലിരുന്ന് ഒരു പോലീസുകാരന് തേങ്ങിക്കരയുന്നതും കണ്ടു. കാര്യം എന്തെന്ന് മനസിലാകാതെ പിന്നെയും ഉള്ളിലേയ്ക്ക് നടന്നപ്പോള്‍ അടുത്ത മുറിയുടെ മൂലയില്‍ കരഞ്ഞുകലങ്ങിയ കണ്ണുമായി മറ്റൊരു പോലീസുകാരനും നില്ക്കുന്നു. ഈ കൂട്ടക്കരച്ചിലിന്റെ കാര്യം അപ്പോഴും രാജമ്മയ്ക്ക് മനസിലായില്ല.
എന്തായാലും സമയം നല്ലതല്ലെന്ന് മനസിലായതോടെ മെല്ലെ ഇറങ്ങാന്‍ ശ്രമം നടത്തുമ്പോഴാണ് പിന്നില്‍ നിന്ന് കനപ്പിച്ച സ്വരത്തില്‍ ചോദ്യം എത്തിയത് എന്താ പ്രശ്നം എന്ന്. വിളി കേട്ട ഭാഗത്തേയ്ക്ക് നോക്കിയപ്പോള്‍ ഗൗരവത്തില്‍ ഇരിക്കുന്ന സിഐയാണ്. പരാതി പറയാന്‍ എത്തിയതാണെന്ന് പറഞ്ഞപ്പോള്‍ അല്പനേരം കാത്തിരിക്കാന്‍ പറയുകയായിരുന്നു.
ഏറെനേരം കാത്തിരുന്നിട്ടും സ്റ്റേഷനിലെ കൂട്ടക്കരച്ചിലിന് കുറവുണ്ടായില്ല. തൃശ്ശൂര്‍ നഗരത്തിലെ സ്റ്റേഷനില്‍ നിരത്തി മെമ്മോ കൊടുത്തതാണ് ഈ കരച്ചിലിനു പിന്നിലെ കാരണം. കേസന്വേഷണത്തില്‍ കാലതാമസത്തിന് കാരണം കാണിക്കണമെന്നറിയിച്ചാണ് സിഐ കീഴ്ജീവനക്കാര്‍ക്ക് മെമ്മോ കൊടുത്തത്. ഇതോടെയാണ് കൂട്ടക്കരച്ചിന് വഴിയൊരുങ്ങിയത്. മാസം എട്ടുമുതല്‍ പന്ത്രണ്ടുവരെ കേസുകള്‍ അന്വേഷിക്കണം. അതോടൊപ്പം മറ്റെല്ലാ ജോലികളും ചെയ്യണം. അവധി കുറവ്, ആളും കുറവ്.
മാനസിക സംഘര്‍ഷം രൂക്ഷമായതിനിടെയാണ് മെമ്മോ കിട്ടിയത്. ആദ്യം ഒരു പോലീസുകാരന് കരഞ്ഞു. പിന്നാലെ മറ്റു മൂന്നുപേരും കരയുകയായിരുന്നു. ഇതു കണ്ടു നിന്ന വനിതാ പോലീസിനും സങ്കടം സഹിക്കാനായില്ല. വനിതാ പോലീസിന് മെമ്മോ കിട്ടിയിട്ടില്ല. മറ്റുള്ളവരുടെ സങ്കടം കണ്ടാണ് ഇവര്‍ കരഞ്ഞത്. കാര്യം കൈവിട്ടുപോകുമെന്ന് മനസിലാക്കിയ സിഐ തന്നെ എല്ലാവരെയും വിളിച്ച് സമാധാനിപ്പിക്കുകയായിരുന്നു. ഇതോടെയാണ് പോലീസുകാരുടെ സങ്കടത്തിന് അല്‍പ്പം ആശ്വാസമായത്.