തിരുവനന്തപുരം: മലയണ്ണാനെ നൽകി നെയ്യാർ സഫാരി പാർക്കിലേക്ക് ഗുജറാത്തിൽ നിന്ന് കൊണ്ടുവന്ന രണ്ട് സിംഹങ്ങളിലൊന്നിന് ദാരുണമരണം. ആറരവയസ്സുള്ള ഏഷ്യൻ പെൺ സിംഹമാണ് അണുബാധമൂലം മരണപ്പെട്ടത്.
ഗുജറാത്തിലെ സക്കർബർഗ് മൃഗശാലയിൽ നിന്നുള്ള രണ്ട് ഏഷ്യൻ സിംഹങ്ങളെ ഓഗസ്റ്റ് 18 നാണ് കേരളത്തിലെത്തിച്ചത്. സൂ അതോററ്റി ഓഫ് ഇന്ത്യയുടെ അനുമതിയോടെ രണ്ട് മലയണ്ണാനുകളെ പകരം നൽകിയാണ് കേരളം രണ്ട് സിംഹങ്ങളെ സ്വന്തമാക്കിയത്. നെയ്യാർ സഫാരി പാർക്കിൽ സിംഹങ്ങൾക്കായി ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാൽ തിരുവനന്തപുരം മൃഗശാലയിലാണ് ഇവയെ പാർപ്പിച്ചിരുന്നത്. പെൺസിംഹമായ രാധ ആദ്യം മുതലേ ക്ഷീണിതയായിരുന്നുവെന്ന് മൃഗശാല അധികൃതർ പറയുന്നു. ആഹാരം കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല.
രാധയ്‌ക്കൊപ്പം കൊണ്ടുവന്ന പത്ത് വയസ്സുള്ള ആൺസിംഹം നാഗരാജൻ പൂർണ ആരോഗ്യവാനാണ്. കൂട് നിർമാണം കഴിഞ്ഞാൽ നാഗരാജനെ ഉടൻ നെയ്യാർ സഫാരി പാർക്കിലേക്ക് മാറ്റും. നിലവിൽ 17 വയസ്സുള്ള ഒരു പെൺസിംഹം മാത്രമാണ് സഫാരി പാർക്കിലുള്ളത്.
Discussion about this post