കോഴിക്കോട്: കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ബ്ലൂമൗണ്ടൈന്‍ ഓട്ടോ ഷോറൂമില്‍ മോഷണം. ഷോറൂമില്‍ നിന്ന് ഒന്നര ലക്ഷം രൂപയും കൂടാതെ പുറത്തിറക്കാന്‍ ഇരുന്ന 1.72 ലക്ഷം വിലവരുന്ന പുതിയ മോഡല്‍ റോയല്‍ എന്‍ഫീല്‍ഡും മോഷണം പോയി.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം വന്നു കഴിഞ്ഞു. തൊപ്പി തലയില്‍ വെച്ച പാന്റും ടീഷര്‍ട്ടും ധരിച്ച യുവാവ് ക്യാമറ തകര്‍ക്കാന്‍ ശ്രമിക്കുന്നതും അകത്ത് കടന്ന് പണം ബാഗിലാക്കുന്നതും വണ്ടിയുമായി കടന്ന് കളയുന്നതുമാണ് സിസിടിവി ദൃശ്യത്തില്‍ ഉള്ളത്.
സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തിന് പിന്നില്‍ അന്യ സംസ്ഥാനക്കാരനാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.