തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തിൽ നഷ്ടപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും വീണ്ടെടുക്കാൻ സർക്കാർ സഹായം എത്തിക്കുന്നു. കേരള സർക്കാരിനു വേണ്ടി സംസ്ഥാന ഐടി വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്തിൽ പങ്കെടുത്ത് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാനാണ് പൊതുജനങ്ങൾക്ക് അവസരം നൽകുന്നത്.
പ്രകൃതി ദുരന്തത്തിൽ ആധാർ, റേഷൻ കാർഡ്, മോട്ടോർവാഹന വകുപ്പ് രേഖകളും ചിയാക്ക്, പഞ്ചായത്ത്, രജിസ്ട്രേഷൻ, എസ്എസ്എൽസി തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടമായവർക്ക് സംസ്ഥാന ഐടി മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്തിൽ പങ്കെടുത്ത് നഷ്ടമായ സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാം.
ഇതിനായി കേരള സർക്കാർ നിയന്ത്രണത്തിലുള്ള സിറ്റിസൺ കോൾ സെന്റർ നമ്പരായ 0471-155300 ബന്ധപ്പെട്ട് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ നൽകി അപേക്ഷ രജിസ്റ്റർ ചെയ്യണം. തുടർന്ന് സർക്കാർ സംഘടിപ്പിക്കുന്ന അദാലത്തിലൂടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതായിരിക്കും. വിവരങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്താൽ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാവും.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊതുജനങ്ങളോട് സംസ്ഥാന ഐടി വകുപ്പ് ആഹ്വാനം ചെയ്തു.
Discussion about this post