തൃശ്ശൂര്‍: ഭക്ഷണം വെള്ളവും ലഭിക്കാതെ രാവും പകലുമായി നായ്ക്കുട്ടി കരഞ്ഞത് രണ്ടാഴ്ചയോളം. ഒടുവില്‍ മരണത്തോട് മല്ലടിച്ച നായക്കുട്ടി ചത്തു. കേരളവര്‍മ്മ കോളേജിനു സമീപം കാനാട്ടുകര പ്രശാന്തി നഗറിലെ വീട്ടിലാണ് ദാരുണ സംഭവം നടന്നത്. നിര്‍ത്താതെ കരയുന്ന നായയുടെ നിലവിളി കേട്ട ചിലര്‍ വിവരമറിയിച്ചതനുസരിച്ചാണ് വീട്ടില്‍ മൃഗസ്നേഹികള്‍ എത്തിയത്. അവരെത്തി വാതില്‍ തുറന്ന് നോക്കുമ്പോള്‍ കണ്ടത് ദയനീയ കാഴ്ചയായിരുന്നു.
ഒന്ന് അനങ്ങാന്‍ പോലും ആകാതെ കിടന്നകിടപ്പായിരുന്നു ആ മിണ്ടാപ്രാണി. ഉടന്‍ തന്നെ ആംബുലന്‍സില്‍ വെറ്ററിനറി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ നായക്കുട്ടിയുടെ ജീവന് നിലയ്ക്കുകയായിരുന്നു. ഉടമയ്ക്കെതിരെ വെസ്റ്റ് പോലീസ് കേസെടുത്തതായി അറിയിച്ചു. ഇവിടെ വാടകയ്ക്കു താമസിച്ചിരുന്നവര്‍ കഴിഞ്ഞ നാലുമാസമായി വല്ലപ്പോഴും മാത്രമാണ് വീട്ടിലെത്തിയിരുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ഷിത്സു ഇനത്തില്‍പ്പെട്ട ഒരു വയസുള്ള നായയെയാണ് വീട്ടില്‍ വളര്‍ത്തിയിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി നായയെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നെന്നു പരിസരവാസികള്‍ മൊഴി നല്കി. മൃഗസ്നേഹികള്‍ പോലീസിന്റെ സഹായത്തോടെ വീട്ടിലെത്തിയെങ്കിലും ഗേറ്റും മുന്‍വാതിലും പൂട്ടിയനിലയിലായിരുന്നു. രണ്ടു മണിക്കൂറോളം ബഹളംകൂട്ടിയ ശേഷമാണ് വാതില്‍ തുറക്കാന്‍ പോലും വീട്ടുകാര്‍ തയാറായതെന്ന് ഇവര്‍ പറയുന്നു. നായയെ പാര്‍പ്പിച്ചിരുന്ന മുറി പുറത്തുനിന്നു പൂട്ടിയിരുന്നു. പോലീസ് സഹായത്തോടെയാണ് വാതില്‍ തുറന്നത്.
Discussion about this post