കൊല്ലം: കാലം എത്ര മുന്‍പോട്ട് സഞ്ചരിച്ചാലും ചില പഴഞ്ചന്‍ വിശ്വാസങ്ങളിലൂടെയും മറ്റും നാം കടന്നുപോകുന്നുവെന്ന് പല കാര്യങ്ങളിലൂടെ വെളിപ്പെടുകയാണ്. ഇപ്പോള്‍ അത്തരത്തിലൊരു വിശ്വാസത്തെ മറികടന്നതിന് ക്രൂരമായ ചോദ്യങ്ങള്‍ വേട്ടയാടുകയാണ് ഒരു മകളെ. മകളുടെ വിവാഹത്തിന് താലി എടുത്ത് നല്‍കിയത് വിധവയായ അമ്മയാണ്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്. അമ്മ താലി എടുത്ത് നല്‍കുകയോ..? അതും വിധവയായ ഒരു സ്ത്രീ..? ഇങ്ങനെ പോകുന്നു കുത്തി നോവിച്ചുകൊണ്ടുള്ള ചോദ്യങ്ങള്‍.
ഈ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ തക്കതായ മറുപടി നല്‍കിയിരിക്കുകയാണ് ഈ മകള്‍. സാധാരണ ആണ്‍മക്കളുടെ അച്ഛനാണ് താലിയെടുത്ത് നല്‍കുന്നത്. ഈ രീതിയിലാണ് മാറ്റം വന്നത്. അച്ഛന്‍ മരിച്ചുപോയ മക്കളുടെ വിവാഹത്തിന് അമ്മമാര്‍ താലിയെടുത്ത് നല്‍കുകയും കൈപിടിച്ച് കൊടുക്കുകയും ചെയ്തതാണ് ഏറെ ഹൃദ്യമായത്. സുനില്‍, ഷീബ ദമ്പതികളുടെ വിവാഹത്തിനായിരുന്നു ചരിത്രം തിരുത്തിയുള്ള നിമിഷങ്ങള്‍ ഉണ്ടായത്. ഇതിനിടയിലാണ് കല്ലുകടിയായി ചോദ്യങ്ങള്‍ ഉയര്‍ന്നത്.
വിധവകള്‍ അശ്രീകരം അല്ല, ഒരു ഭര്‍തൃമതിയെക്കാള്‍ ഐശ്വര്യം തികഞ്ഞവര്‍ ആണ്. ഭര്‍ത്താവിന്റെയോ കുടുംബത്തിന്റെയോ പോലും തണല്‍ ഇല്ലാതെ കുഞ്ഞുങ്ങളെ വളര്‍ത്തി, കുടുംബം നോക്കി സമൂഹത്തിന്റെ ഒറ്റപെടുത്തലില്‍ ജീവിക്കുന്നവര്‍. ഇവരെ ആണ് ചേര്‍ത്തു നിര്‍ത്തേണ്ടതെന്ന് ആ മകള്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
അമ്മ വിധവ അല്ലേ…? എങ്ങനെ കല്യാണം ചടങ്ങിന് അമ്മയെ പങ്കെടുപ്പിക്കും.. വിധവകള്‍ മംഗള കര്‍മങ്ങളില്‍ അശ്രീകരം ആണത്രേ….. അച്ഛന്റെ സ്ഥാനത്തു കുടുംബത്തിലെ മറ്റാരെങ്കിലും നിന്നാല്‍ മതിയല്ലോ….. ഞങ്ങളുടെ വിവാഹത്തില്‍ പ്രധാനപെട്ട ഒരു പ്രശ്‌നം (ഞങ്ങളുടെ അല്ല ) ഇതായിരുന്നു…..
….അച്ഛന്റെ മരണ ശേഷം ഒരു കുറവും അമ്മ വരുത്തിയിട്ടില്ല…. എപ്പോഴും ഞങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മ… രണ്ടു അമ്മമാരും ഇങ്ങനെ തന്നെ…
ഈ അമ്മമാര്‍ താലി എടുത്തു തരുമ്പോഴും കൈപിടിച്ച് കൊടുക്കുമ്പോഴും കിട്ടുന്ന അനുഗ്രഹവും പ്രാര്‍ത്ഥനയും മറ്റൊന്നില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടാനില്ല….അതുകൊണ്ട് അച്ഛന്റയും ദൈവത്തിന്റെയും പൂജാരിയുടെയും ഒക്കെ സ്ഥാനം ഞങ്ങള്‍ അമ്മമാരേ ഏല്പിച്ചു……. അവര് നടത്തിയ കല്യാണം ഭംഗിയായി നടന്നു……ഇന്ന് വിവാഹം കഴിഞ്ഞു കൃത്യം ഒരു മാസം..
വിധവകള്‍ അശ്രീകരം അല്ല…. ഒരു ഭര്‍തൃമതിയെക്കാള്‍ ഐശ്വര്യം തികഞ്ഞവര്‍ ആണ്… ഭര്‍ത്താവിന്റെയോ കുടുംബത്തിന്റെയോ പോലും തണല്‍ ഇല്ലാതെ കുഞ്ഞുങ്ങളെ വളര്‍ത്തി…. കുടുംബം നോക്കി സമൂഹത്തിന്റെ ഒറ്റപെടുത്തലില്‍ ജീവിക്കുന്നവര്‍………ഇവരെ ആണ് ചേര്‍ത്തു നിര്‍ത്തേണ്ടത്……
Discussion about this post