തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്കു നീങ്ങിയതിന്റെ പ്രതിഫലനമായി കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ആന്‍ഡമാനടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ‘ഗജ’ ചുഴലിക്കാറ്റായി മാറിയത്. ഇന്ന് തമിഴ്‌നാട് തീരത്ത്, വൈകിട്ടോ രാത്രിയിലോ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ തമിഴ്‌നാട്ടിലും ആന്ധ്രയുടെ തെക്കന്‍ മേഖലകളിലും പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ചെന്നൈയുടെ തെക്ക് ഭാഗത്ത് 490 കിലോമീറ്ററും, നാഗപട്ടണത്തിന്റെ വടക്ക് കിഴക്കായി 580 കിലോമീറ്ററും അകലെ വരെ ‘ഗജ’യെത്തി. മണിക്കൂറില്‍ പത്ത് കിലോമീറ്ററാണ് കാറ്റിന്റെ വേഗത. എന്നാല്‍, ഇന്ന് രാത്രിയോടെ ‘ഗജ’ തീരം തൊടുമ്പോള്‍, വേഗം എണ്‍പത് മുതല്‍ നൂറ് കിലോമീറ്റര്‍ വരെയാകാം.