കാക്കനാട്: സെപ്റ്റംബര്‍ 20 മുതല്‍ സ്വകാര്യബസ്സുടമകള് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ എസ് സുഹാസ് ബസ്സുടമകളും തൊഴിലാളി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനം.
വൈറ്റിലയില്‍ ബസുകളുടെ ഗതാഗതക്രമീകരണം, സ്വകാര്യ ബസുകളുടെ സമയത്ത് കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വ്വീസ് എന്നിവയില്‍ പ്രതിഷേധിച്ചാണ് ബസുടമകള്‍ പണിമുടക്ക് നടത്താനൊരുങ്ങിയത്.
എന്നാല്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ടാകുമെന്നതിനാല്‍ പണിമുടക്കില്‍നിന്നു പിന്തിരിയാന് ജില്ലാ കളക്ടര്‍ സ്വകാര്യ ബസ്സുടമകളോടും തൊഴിലാളികളോടും ആവശ്യപ്പെട്ടു.
ഇതേതുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി. പൂങ്കുഴലി, എസിപി ഫ്രാന്‍സിസ് ഷെല്‍ബി, ആര്‍ടിഒ കെ. മനോജ് കുമാര്‍ തുടങ്ങിയവരുമായി കളക്ടര്‍ ചര്‍ച്ച ചെയ്തു.