തിരുവനന്തപുരം: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും. തിരുവനന്തപുരം പള്ളക്കലിലാണ് വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തത്. ഇതില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് പള്ളിക്കല്‍ ആശുപത്രിയില്‍ എത്തിയ രോഗിയുടെ ബന്ധുക്കള്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചത്. ശസ്ത്രക്രിയ ആവശ്യമായ രോഗിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതിനാണ് മര്‍ദ്ദിച്ചതെന്ന് ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലെ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഒരുമണിക്കൂര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചിരുന്നു. വെള്ളിയാഴ്ച ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമെ പ്രവര്‍ത്തിക്കുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.