കൊച്ചി: ഒരു വർഷം കൊണ്ട് തകർന്ന് അഴിമതിയുടെ നേർച്ചിത്രമായ പാലാരിവട്ടം പാലത്തിനെ പഞ്ചവടി പാലം എന്ന് വിമർശിച്ച് ഹൈക്കോടതി. പാലത്തിന്റെ ബലക്ഷയത്തിന് ഉത്തരവാദികൾ ആരെന്ന് ഹൈക്കോടതി ചോദിക്കുകയും ചെയ്തു. പാലാരിവട്ടം പാലം അഴിമതിയിൽ നേരത്തെ അറസ്റ്റിലായ ടിഒ സൂരജ് അടക്കമുള്ളവർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. പാലം നിർമ്മാണത്തിന് ആരാണ് മേൽനോട്ടം വഹിച്ചതെന്ന കോടതിയുടെ ചോദ്യത്തിന് പൊതുജനത്തിന്റെ ജീവന് ഭീഷണിയാകും വിധത്തിലാണ് പാലം നിർമ്മിച്ചതെന്നായിരുന്നു സർക്കാരിന്റെ മറുപടി.
പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെ ആയല്ലോ എന്ന് ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിമർശിക്കുകയും ചെയ്തു. സിനിമാ കഥ യാഥാർത്ഥ്യമാകുന്നത് പോലെയാണ് കാര്യങ്ങളുടെ പോക്കെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, പാലം നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരടക്കം കൂടുതൽ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും തെളിവുകൾ ശേഖരിച്ചുവരികയാണെന്നും വിജിലൻസ് വിശദീകരിക്കുന്നു.
പാലം നിർമ്മാണ നടപടികളിൽ താനൊരു ഉപകരണം മാത്രമായിരുന്നെന്നും സർക്കാർ ഫയലുകളിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വികെ ഇബ്രാഹിം കുഞ്ഞിനെ കുരുക്കിലാക്കുന്ന നിലപാടാണ് മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് കോടതിയെ ബോധിപ്പിച്ചത്.
സൂരജടക്കം റിമാൻഡിൽ കഴിയുന്ന പ്രതികളുടെ അഴിമതിയിലെ പങ്കാളിത്തവും നിലവിലെ അന്വേഷണ പുരോഗതിയും അറിയിക്കാനും സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ജാമ്യാപേക്ഷകൾ ഈ മാസം 24ന് വീണ്ടും പരിഗണിക്കും
Discussion about this post