തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർ ഏത് സാഹചര്യത്തിലും അസഭ്യം പറയുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് ഡിജിപിയുടെ നിർദേശം. ഒരു പോലീസുകാരനെതിരെ ആരോപണം ഉയർന്നാൽ അത് തെറ്റാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം അതേ ഉദ്യോഗസ്ഥന് തന്നെയായിരിക്കുമെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പോലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കിയ സർക്കുലറിലാണ് ഈ നിർദേശങ്ങളുള്ളത്.
മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ പോലീസുകാർക്കുമായി മാർഗനിദേശങ്ങളിറക്കിയത്. ഒരു പോലീസുകാരനെതിരെ മോശമായ പരാതിയുണ്ടായാൽ അയാളെ തൽസ്ഥാനത്തുനിന്ന് യൂണിറ്റ് മേധാവി മാറ്റിനിർത്തണം. തന്റെ പേരിലുയർന്ന ആരോപണം തെറ്റാണെന്ന് സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം ആ പോലീസുകാരന് തന്നെയാകും. പരാതിക്കാർക്ക് സഹാനുഭൂതി പകരുന്ന തരത്തിൽ പെരുമാറാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും പോലീസുകാരോട് ഡിജിപി നിർദ്ദേശിക്കുന്നു.
ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ മനുഷ്യാവകാശ കമ്മീഷനും ഡിജിപിയും നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കണം. സഹായം അഭ്യർത്ഥിച്ച് പോലീസിന് ലഭിക്കുന്ന സന്ദേശങ്ങൾ പലതും തെറ്റാണെന്ന് കരുതി ഏതാനും ഓഫീസർമാർ നടപടി സ്വീകരിക്കാതിരിക്കുന്നുണ്ട്. സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ നടപടിയുണ്ടാകണം. എന്നാൽ, വ്യാജസന്ദേശങ്ങൾ നല്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും വേണം. പോലീസിലെ ഉന്നതഉദ്യോഗസ്ഥരെ നേരിട്ടുകണ്ട് പരാതി നൽകാനും വിവരങ്ങൾ കൈമാറാനും അന്വേഷണപുരോഗതി മനസ്സിലാക്കാനും സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകരുതെന്നും ഡിജിപി നിർദേശിക്കുന്നു. ഇതിനായി നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തണം. പൊതുജന സഹകരണവും ഉറപ്പാക്കി മികച്ച ഇന്റലിജൻസ് സംവിധാനം രൂപീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
Discussion about this post