കാസര്‍കോട്: കാസര്‍കോട്ടെ ബിവറേജസ് സംഭരണ ശാലയിലേക്കയച്ച് കാണാതായ 36 കെയ്‌സ് മദ്യം കണ്ണൂരില്‍ നിന്നും കണ്ടെത്തി. പാലക്കാട് നിന്നും കാസര്‍കോട്ടേക്കയച്ച മദ്യമാണ് കാണാതായത്. ഡിസ്റ്റിലറി അധികൃതര്‍ നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് കണ്ണൂരിലെ സംഭരണശാലയില്‍ 36 കെയ്‌സ് മദ്യം കണ്ടെത്തിയത്.
പാലക്കാട് ഡിസ്റ്റിലറിയില്‍നിന്ന് ലോറിയില്‍ മൂന്ന് പെര്‍മിറ്റിലായി 1800 കെയ്‌സ് മദ്യമാണ് അയച്ചത്. ഇതില്‍ 1200 കെയ്‌സ് കണ്ണൂരിലും 600 കെയ്‌സ് കാസര്‍കോട് ബട്ടത്തൂരിലും ഇറക്കി. എന്നാല്‍ ബട്ടത്തൂരില്‍ ഇറക്കിയ മദ്യത്തിന്റെ കണക്കെടുത്തപ്പോള്‍ 36 കെയ്‌സ് കുറവുള്ളതായി കണ്ടെത്തി.കണ്ണൂരിലെ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെ പെര്‍മിറ്റ് പ്രകാരം ഇറക്കേണ്ടതേ ഇവിടെ ഇറക്കിയിട്ടുള്ളൂവെന്ന് അറിയിക്കുകയും ചെയ്തു.
എന്നാല്‍ യന്ത്രവത്കൃതമായാണ് ലോഡ് കയറ്റിയതെന്നും അതില്‍ പിഴവ് വരാന്‍ സാധ്യതയില്ലെന്നും പാലക്കാട്ടെ അധികൃതര്‍ ആവര്‍ത്തിച്ചു. ഇതോടെ കണ്ണൂരിലെ സംഭരണശാലയില്‍ ഡിസ്റ്റിലറി അധികൃതര്‍ നേരിട്ടെത്തി പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നും 36 കെയ്‌സ് മദ്യം കൂടുതലായി കണ്ടെത്തി. ലിറ്ററിന് 460 രൂപ വിലയുള്ള ജിപ്‌സി എന്ന ബ്രാണ്ടിയാണിത്.
കയറ്റിറക്ക് തൊഴിലാളികളുടെ ശ്രദ്ധക്കുറവ് മൂലമാണ് പിഴവ് സംഭവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ എവിടെയാണ് വീഴ്ച സംഭവിച്ചതെന്നറിയാന്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
Discussion about this post