സംസ്ഥാനത്ത് ആദ്യമായി എഐഎഡിഎംകെ അംഗം പഞ്ചായത്ത് പ്രസിഡന്റ്; ചരിത്രം തിരുത്തി പ്രവീണ

യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം പാസായതിനെത്തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

പീരുമേട്: ഇടുക്കി പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എഐഎഡിഎംകെയ്ക്ക്. സംസ്ഥാനത്ത് ആദ്യമായാണ് എഐഎഡിഎംകെ ഒരു പഞ്ചായത്ത് ഭരണം പിടിക്കുന്നത്. പീരുമേട് പഞ്ചായത്ത് പ്രസിഡന്റായി എഐഎഡിഎംകെ അംഗം എസ് പ്രവീണ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പഞ്ചായത്തിലെ ഒന്നാംവാർഡിനെ പ്രതിനിധീകരിച്ചാണ് എസ് പ്രവീണ ഭരണസമിതിയിലെത്തിയത്. പ്രസിഡന്റായിരുന്ന സിപിഎമ്മിലെ രജനി വിനോദിനെതിരേ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം പാസായതിനെത്തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

17-അംഗ ഭരണസമിതിയിൽ രണ്ടംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മിഷൻ കൂറുമാറ്റനിയമ പ്രകാരം അയോഗ്യരാക്കിയിരുന്നു. അതോടെ കക്ഷിനില എൽഡിഎഫ്-7, കോൺഗ്രസ്-7, എഐഎഡിഎംകെ-ഒന്ന് എന്നിങ്ങനെയായി. പ്രാദേശിക ധാരണ പ്രകാരം എഐഎഡിഎംകെ യുഡിഎഫിനൊപ്പമായിരുന്നു. പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. കോൺഗ്രസിൽ പട്ടികജാതി വനിതാ അംഗം ഇല്ലാത്തതിനാൽ എഐഎഡിഎംകെ അംഗമായ എസ് പ്രവീണയ്ക്ക് യുഡിഎഫ് പ്രസിഡന്റ് സ്ഥാനം നൽകുകയായിരുന്നു. എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി രജനി വിനോദിനെ ഏഴിനെതിരെ എട്ട് വോട്ടുകൾക്കാണ് എസ് പ്രവീണ പരാജയപ്പെടുത്തിയത്.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പഞ്ചായത്തിൽ നേരത്തേ രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതോടെ യുഡിഎഫിന് ഭരണം നഷ്ടമാകുകയായിരുന്നു. ഏഴുമാസങ്ങൾക്ക് മുമ്പാണ് പ്രസിഡന്റായിരുന്ന കോൺഗ്രസിലെ ടിഎസ് സുലേഖയും വൈസ് പ്രസിഡന്റ് രാജു വടുതലയും കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നത്. തുടർന്ന് സിപിഎമ്മിലെ രജനി വിനോദ് പ്രസിഡന്റാവുകയായിരുന്നു. ആറുമാസത്തെ കാലാവധിക്കുശേഷം യുഡിഎഫ് അവിശ്വാസപ്രമേയം അവതരിപ്പിച്ച് ഇടത് ഭരണം അവസാനിപ്പിക്കുകയായിരുന്നു.

Exit mobile version