മലപ്പുറം: മലപ്പും സിഡിഇ ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരനെ പാമ്പു കടിച്ചു. ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനെയാണ് പാമ്പ് കടിച്ചത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. വിഷബാധ ഗുരുതരമായി ഏല്‍ക്കാതിരുന്നതാണ് ഇദ്ദേഹത്തിന് തുണയായത്.
ഇതോടെ പുറത്തു വരുന്നത് ഓഫീസിലെ ദയനീയ കാഴ്ചകളാണ്. ഇതിനു മുന്‍പും ഓഫീസിലെ ശോചനീയാവസ്ഥ പുറത്തു കൊണ്ടുവന്നതാണ്. എന്നാല്‍ അധികൃതര്‍ ഇതിനു നേരെ കണ്ണടയ്ക്കുകയായിരുന്നു. ഇപ്പോള്‍ ഫയലുകള്‍ തിരയുന്നതിനിടെ പാമ്പ് കടിയേറ്റത് അങ്ങേയറ്റം ഭയപ്പെടുത്തുന്ന ഒന്ന് കൂടിയാണ്. ഓഫീസിലെ ദയനീയ സ്ഥിതിയെ കുറിച്ച് കഴിഞ്ഞമാസം ഒരു ജീവനക്കാരിയുടെ ശബ്ദസന്ദേശം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളുടെ മേല്‍പ്പാളി പലയിടത്തും അടര്‍ന്നനിലയിലാണ്. ഇത് ജീവനക്കാരുടെ ജീവന് തന്നെ ഭീഷണിയായി നില്‍ക്കുകയാണ്. മഴവെള്ളവും കക്കൂസ് മാലിന്യവും കലര്‍ന്നാണ് ഒഴുകിയിരുന്നത്. ഫയലുകള്‍ മുഴുവന്‍ വരാന്തയിലാണ് കൂട്ടി വെച്ചിരിക്കുന്നത്. കാട് കയറി പലപ്പോഴും പാമ്പുകളെ ഓഫീസിനുള്ളില്‍ കണ്ടിട്ടുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച ജീവനക്കാരന് കടിയേറ്റത്.